കുട്ടികളുടെ ലാളിത്യവും മുതിര്‍ന്നവരുടെ ജീവിതാനുഭവങ്ങളും ചേര്‍ന്ന് ഓരോ കാന്‍വാസും കഥ പറയുകയായിരുന്നു
കോഴിക്കോട് ആനക്കുളം സാംസ്‌കാരിക നിലയത്തില്‍ നടന്ന ചിത്രപ്രദര്‍ശനത്തില്‍. കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് നടത്തുന്ന വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായ ‘മോഹം’ ചിത്രപ്രദര്‍ശനമാണ് വൈവിധ്യമാര്‍ന്ന കാഴ്ചകളൊരുക്കിയത്. പ്രദര്‍ശനത്തിന്റ ഉദ്ഘാടനം ചിത്രകാരന്‍ സുധീഷ് കുമാര്‍ നിര്‍വഹിച്ചു.
വജ്രജൂബിലി ഫെലോഷിപ്പിന്റെ ഭാഗമായി കോര്‍പ്പറേഷന്‍ പരിധിയില്‍ മോഹിനിയാട്ടം, തിരുവാതിരക്കളി, കോല്‍ക്കളി, നാടകം, ശില്‍പകല എന്നിവയില്‍ സൗജന്യ പരിശീലനം നല്‍കുന്നുണ്ട്. രണ്ട് വര്‍ഷം സൗജന്യമായി നല്‍കുന്ന ശില്‍പ കലയുടെ ആദ്യ രണ്ടുമാസം ചിത്രരചനയിലാണ് പരിശീലനം നല്‍കിയത്. ജൂണില്‍ ആരംഭിച്ച ക്ലാസിലെ 38 കലാകാരന്മാരാണ് മനസ്സിലെ നിറങ്ങളും ചിന്തകളും പ്രദര്‍ശനത്തിലൂടെ പങ്കിട്ടത്. പ്രീ-സ്‌കൂള്‍ വിദ്യാര്‍ഥിനിയായ നാല് വയസ്സുകാരി ആരാധ്യ മുതല്‍ 66കാരനായ പ്രഭാകരന്‍ വരെ ഇതിലുണ്ട്.
നാലു വയസ്സുള്ള ആരാധ്യയും 60 വയസുള്ള ഞാനും ഒരേ ക്ലാസ്സില്‍ ഒരുമിച്ച് പഠിക്കുന്നതിന്റെ അനുഭവം പറഞ്ഞറിയിക്കാനാവില്ലെന്നും പ്രായം എത്ര കൂടിയാലും മനസ്സിനുള്ളില്‍ ഉറങ്ങിക്കിടക്കുന്ന കഴിവിനെ പുറത്തുകൊണ്ടുവരാന്‍ കിട്ടിയ അവസരമാണ് ഈ പ്രദര്‍ശനമെന്നും പരിശീലന സംഘത്തിലുള്ള രാധാകൃഷ്ണന്‍ പറയുന്നു. ചുറ്റുപാടിലെ മനോഹരമായ പ്രകൃതിയും ഗ്രാമജീവിതത്തിന്റെ ഓര്‍മകളുമാണ് രാധാകൃഷ്ണന്‍ പകര്‍ത്തിയത്.
വജ്രജൂബിലി ഫെലോഷിപ് നേടിയ അശ്വതി പ്രകാശാണ് ശില്‍പകല ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ശില്‍പകലയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് ഇവര്‍. ആനക്കുളം സംസ്‌കാരിക നിലയത്തില്‍ സൗജന്യമായി നല്‍കുന്ന പരിശീലനം ബേപ്പൂര്‍ സ്‌കൂളില്‍ കൂടി ഇനി ലഭിക്കും. നിലവില്‍ 45 പേര്‍ പരിശീലനം നേടുന്നുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് പുതുതായി ചേരാനും അവസരമുണ്ട്.
ചടങ്ങില്‍ വജ്രജൂബിലി ഫെലോഷിപ്പ് ജില്ല കോഓഡിനേറ്റര്‍ കെ ആര്‍ അഞ്ജു അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ നഗരാസൂത്രണ സമിതി ചെയര്‍പേഴ്‌സണ്‍ കൃഷ്ണകുമാരി മുഖ്യാതിഥിയായി. സാഹിത്യ നഗരം നോഡല്‍ ഓഫീസര്‍ സരിത, ക്ലസ്റ്റര്‍ കണ്‍വീനര്‍ സാരംഗി, ശില്‍പകല അധ്യാപിക അശ്വതി പ്രകാശ് എന്നിവര്‍ സംസാരിച്ചു. നടന്‍ അപ്പുണ്ണി ശശി, കവി വിനോദ് ശങ്കരന്‍ എന്നിവരും പങ്കെടുത്തു.