കോഴിക്കോട് : ജീവിതത്തിലെ പ്രതിസന്ധികളോട് ധൈര്യത്തോടെ നേരിടാൻ കുട്ടികളിൽ കായിക മനോഭാവം വളർത്തണമെന്ന് പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇംഗ്ലണ്ടിൽ നടക്കുന്ന ഇന്റർകോണ്ടിനന്റൽ കപ്പ് സെറിബ്രൽ പാൾസി ഫുട്ബോളിനുള്ള ഇന്ത്യൻ വനിതാ ടീമിന്റെ പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു മന്ത്രി.“കായിക പരിശീലനം കുട്ടികളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. അവരുടെ പിന്നിൽ ഉറച്ച് നിൽക്കുന്ന രക്ഷിതാക്കൾക്ക് പ്രത്യേക നന്ദി അറിയിക്കണം,” മന്ത്രി പറഞ്ഞു.
ആറംഗ ദേശീയ ടീമിൽ അവന്തിക വിനോദ്, വ്രജസൂര്യ, നിയ ഫാത്തിമ (കോഴിക്കോട്), ആര്യ (തിരുവനന്തപുരം), പ്രിയ കോശി (ആലപ്പുഴ) എന്നിവർ ഉൾപ്പെട്ടു. ടീമിന്റെ പരിശീലകയായി ഗിരിജകുമാരി.സെറിബ്രൽ പാൾസി ബാധിച്ച 150ലധികം കുട്ടികൾക്ക് നടക്കാവ്, താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, മണാശ്ശേരി യു.പി സ്കൂൾ കേന്ദ്രങ്ങളിലായി ലഭിക്കുന്ന പരിശീലനമാണ് ദേശീയ ടീമിലേക്ക് പ്രവേശനത്തിന് വഴിയൊരുക്കിയത്.നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ഡോ. എ.കെ. അബ്ദുൾ ഹക്കിം, ഡോ. യു.കെ. അബ്ദുന്നാസർ, ഗിരിജകുമാരി, കെ.പി. അഷ്റഫ്, എൻ.കെ. സജീഷ് നാരായണൻ, അഭിൻരാജ്, പി.എൻ. അജയൻ എന്നിവർ സംസാരിച്ചു.മത്സരങ്ങൾ ആഗസ്റ്റ് 17 മുതൽ ലണ്ടനിൽ നടക്കും.