ബംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ ഹോസ്റ്റലുടമ പിടിയിൽ. കോഴിക്കോട് സ്വദേശി അഷ്റഫാണ് അറസ്റ്റിലായത്. പെൺകുട്ടി താമസിക്കുന്ന ഹോം സ്റ്റേയുടെ ഉടമയാണ് ഇയാൾ.ലോക്കൽ പൊലീസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രേഖപ്പെടുത്തി. വെള്ളിയാഴ്ചയാണ് സംഭവമുണ്ടാകുന്നത്.
10 ദിവസം മുമ്പാണ് പെൺകുട്ടി അഷ്റഫിന്‍റെ ഉടമസ്ഥയിലുള്ള ഹോം സ്റ്റേയിൽ താമസത്തിനെത്തുന്നത്. തിങ്കളാഴ്ച മുറിയിലെത്തിയ ഇയാൾ തന്നോട് സഹകരിച്ചാൽ മാത്രമേ ഭക്ഷണവും താമസവും അനുവദിക്കൂ എന്ന് ഭീഷണിപ്പെടുത്തിയെന്നും എതിർത്ത പെൺകുട്ടിയെ കാറിലേക്ക് ബലമായി പിടിച്ചു കയറ്റി മുറിയിലേക്ക് കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പരാതി.
തന്‍റെ ലൊക്കേഷൻ സുഹൃത്തിന് നൽകാൻ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ലെന്ന് വിദ്യാർഥിനി പറയുന്നു. പുലർച്ചെ 12.41നും 2.15 നും ഇടയിലാണ് സംഭവം. പിന്നീട് ഇയാൾ തന്നെ താമസസ്ഥലത്ത് തിരിച്ചെത്തിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പറയുന്നു. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ബംഗളൂരുവിൽ തന്നെ നഴ്സിംങ് വിദ്യാർഥിനിയെ ഹോസ്റ്റൽ ഉടമ പീഡിപ്പിച്ചതിനു പിന്നാലെയാണ് പുതിയ വാർത്തകൾ പുറത്തുവരുന്നത്.