ഒരു മാസത്തോളമായി വെള്ളിമാട്കുന്ന് ഷോര്‍ട്ട് സ്റ്റേ ഹോമില്‍ അന്തേവാസിയായിരുന്ന തമിഴ്‌നാട് തിരുവാരൂര്‍ സ്വദേശി ധനസെല്‍വി മകളുടെ കൈപിടിച്ച് യാത്രതിരിച്ചു. ഉദ്യോഗസ്ഥരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും അന്തേവാസികളുടെയും സാന്നിധ്യത്തില്‍ നിറഞ്ഞ സന്തോഷത്തോടെയായിരുന്നു 41കാരിയുടെ മടക്കം.
നഗരത്തില്‍ അലഞ്ഞുനടന്ന ഇവരെ പോലീസ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നല്‍കിയ ശേഷം ജൂലൈ ഒമ്പതിന് വനിതാ-ശിശു വികസന വകുപ്പിന് കീഴിലെ ഷോര്‍ട്ട് സ്റ്റേ ഹോമിലെത്തിക്കുകയായിരുന്നു. താന്‍ അനാഥയാണെന്നും ഒന്നും ഓര്‍മയില്ലെന്നുമാണ് ആദ്യമൊക്കെ പറഞ്ഞത്. പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ റിട്ട. ഉദ്യോഗസ്ഥനും സാമൂഹിക പ്രവര്‍ത്തകനുമായ എം ശിവനോട് സംസാരിച്ചതില്‍നിന്നാണ് ഉറ്റവരെ കുറിച്ചുള്ള വിവരം ലഭിച്ചത്. ചെന്നൈ സെന്റ് മൈക്കിള്‍ പള്ളിയുമായി ബന്ധപ്പെട്ട് അവ്യക്തമായ കാര്യങ്ങള്‍ പറഞ്ഞതോടെ അവിടെയുള്ളവരുമായി ബന്ധപ്പെടുകയും ബന്ധുക്കളിലേക്കെത്തുകയുമായിരുന്നു. പള്ളിയുടെ ഭാഗമായ ഹോസ്റ്റലില്‍ ഇവര്‍ മുമ്പ് ജോലി ചെയ്തിരുന്നു.
ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്തതിനാലും അനാഥയാണെന്ന് പറഞ്ഞതിനാലും ബന്ധുക്കളെ കണ്ടെത്താന്‍ സാധിക്കുമെന്ന് കരുതിയതല്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഷോര്‍ട്ട് സ്റ്റേ ഹോമില്‍നിന്ന് ലഭിച്ച ചികിത്സയും പരിചരണവും ഇടപെടലും ബന്ധുക്കളെ കണ്ടെത്താന്‍ സഹായകമായി. മകള്‍ ജാസ്മിന്‍ ജോലി ചെയ്യുന്ന തൃശൂരിലെ ഹോം നഴ്‌സിങ് സെന്ററിലേക്കാണ് സെല്‍വി യാത്രതിരിച്ചത്. നാട്ടില്‍ ഭര്‍ത്താവും മകനും മറ്റു കുടുംബാംഗങ്ങളും ഉണ്ട്.
ഗാര്‍ഹിക പീഡനം കാരണവും മറ്റ് പ്രയാസങ്ങള്‍ കാരണവും എത്തുന്നവരാണ് ഷോര്‍ട്ട് സ്റ്റേ ഹോമിലെ താമസക്കാര്‍. നിലവില്‍ അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും ഇവിടെയുണ്ട്. പ്രയാസങ്ങള്‍ നേരിടുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ താമസ സൗകര്യവും ഭക്ഷണവും വസ്ത്രങ്ങളും ചികിത്സ സൗകര്യങ്ങളും ഇവിടെ ലഭ്യമാക്കുന്നുണ്ട്. ആവശ്യമായവര്‍ക്ക് നിയമ സഹായവും നല്‍കും.