പശുക്കടവ് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയി കാണാതായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. ചൂളപ്പറമ്പിൽ ഷിജുവിൻ്റെ ഭാര്യ ബോബിയെ (40) ആണ് വനത്തിനോട് ചേർന്ന സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പശുവിനേയും ചത്ത നിലയിൽ കണ്ടെത്തി. കാണാതായതിന് പിന്നാലെ വനംവകുപ്പും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ പരിക്കുകളൊന്നും തന്നെയില്ല. കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയ മൃതദേഹം ഇന്ന് പോസ്‌റ്റ്‌മോർട്ടം ചെയ്യും. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു.
വെള്ളിയാഴ്‌ച ഉച്ചക്ക് ശേഷമാണ് വീടിന് പിന്നിലെ കുന്നിൻ മുകളിൽ മേയാൻ കെട്ടിയ പശുവിനെ അഴിച്ച് കൊണ്ടുവരാൻ ബോബി പോയത്. രാത്രി ഏഴരയായിട്ടും അമ്മയെ കാണാതായതോടെ മക്കളാണ് നാട്ടുകാരെ വിവരമറിയിച്ചത് .പിന്നാലെ പൊലീസും ഫയർഫോഴ്‌സും കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകരും സ്ഥലത്തെത്തി. തെരച്ചലിനൊടുവിൽ രാത്രി 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ബോബിയുടെ മൂത്ത മകൾ ബാംഗ്ലൂരിൽ മൂന്നാം വർഷ നഴ്‌സിങ് വിദ്യാർഥിയാണ്. മകൻ പ്ലസ് ടു വിദ്യാർഥിയും ഇളയ മകൾ സ്‌കൂൾ വിദ്യാർഥിയുമാണ്. പശുവിനെ വളരെ അധികം സ്‌നേഹിക്കുന്ന ആളായിരുന്നു ബോബി. പശുവിനെ ചത്ത നിലയിൽ കണ്ടതോടെ ഹൃദയാഘാതം സംഭവിച്ചതാകാം ബോബിയുടെ കാരണമെന്ന സംശയമാണ് നാട്ടുകാർ പങ്കുവയ്ക്കുന്നത്.