ഛത്തീസ്ഗഡിൽ വെച്ച് അറസ്റ്റിലായ മലയാളികളായ കന്യാസ്ത്രീകൾ നിരപരാധികളാണെന്ന് ആവർത്തിച്ച് കന്യാസ്ത്രീകൾക്കൊപ്പമുണ്ടായ പെൺകുട്ടികൾ. ആരും നിർബന്ധിച്ചില്ലെന്നും ഇറങ്ങിത്തിരിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും പെൺകുട്ടികൾ പറഞ്ഞു. പൊലീസ് പറയുന്നത് വ്യാജമാണ്. അകാരണമായി ആക്രമിച്ചെന്നും പെൺകുട്ടികൾ പറയുന്നു. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പെണ്‍കുട്ടികൾ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, കന്യാസ്ത്രീകളുടെ ജാമ്യത്തിന് വിചാരണക്കോടതിയെ വീണ്ടും സമീപിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർദേശിച്ചു. ജാമ്യാപേക്ഷയെ ഛത്തിസ്ഗഡ് സർക്കാർ എതിർക്കില്ലെന്ന് അമിത് ഷാ ഉറപ്പ് നൽകി. എൻഐഎ കോടതിക്ക് വിട്ട സെഷൻസ് കോടതി നടപടി തെറ്റാണെന്ന് ആഭ്യന്തരമന്ത്രി കേരള എംപിമാരോട് പറഞ്ഞു. സെഷൻസ് ഉത്തരവിനെതിരെ ഛത്തീസ്ഗഡ് സർക്കാർ ഹൈക്കോടതിയെ സമീപിക്കും. വിചാരണക്കോടതിയിൽ നിന്ന് ഇന്നോ നാളെയോ ജാമ്യം ലഭിക്കുമെന്നും അമിത് ഷാ സൂചിപ്പിച്ചു. കന്യാസ്ത്രികൾക്കെതിരായ കേസിൽ രാഷ്ട്രീയ താൽപ്പര്യങ്ങളില്ലെന്നും തന്നെ കണ്ട യുഡിഎഫ്- എൽഡിഎഫ് എം പി മാരോട് അദ്ദേഹം പറഞ്ഞു. ജാമ്യം ലഭിച്ച ശേഷം കേസ് റദ്ദാക്കാൻ ശ്രമിക്കാമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.