സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പരിഷ്‌കരിച്ച ഉച്ചഭക്ഷണ മെനു ഇന്നു മുതല്‍. ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണമാണ് ഇന്ന് മുതൽ വിഭവ സമൃദ്ധമാകുന്നത്. 20ഓളം ഇനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഉച്ച ഭക്ഷണ മെനു പരിഷ്‌കരിച്ചത്. സ്‌കൂള്‍ നോട്ടീസ് ബോര്‍ഡിലും ഓഫീസ് മുറിയുടെയും പാചകപ്പുരയുടെയും ചുമരില്‍ പരിഷ്‌കരിച്ച മെനു പ്രദര്‍ശിപ്പിക്കും. ഉച്ചഭക്ഷണം സംബന്ധിച്ച് കുട്ടികളില്‍ നിന്ന് അഭിപ്രായം തേടുകയും ചെയ്യും. നിലവില്‍ ഉച്ചഭക്ഷണത്തിനായി അനുവദിച്ചിട്ടുള്ള ഫണ്ടിന്റെ പരിധിയില്‍ തന്നെ തയ്യാറാക്കാന്‍ കഴിയുന്ന വിഭവങ്ങളാണ് പരിഷ്‌കരിച്ച മെനുവിലും ഉള്ളത്.
ദേശീയ കുടുംബാരോഗ്യ സര്‍വ്വേ പ്രകാരം കേരളത്തിലെ കുട്ടികള്‍ക്ക് പോഷണ കുറവുമൂലം വിളര്‍ച്ചയും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നതയുള്ള കണ്ടെത്തലിനെത്തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് വിവിധ തരം ഭക്ഷണങ്ങൾ മെനുവിൽ ഉൾപ്പെടുത്തിയത്. ആഴ്ചയില്‍ ഒരുദിവസം വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജിറ്റബിള്‍ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് വിളമ്പും. ഇതോടൊപ്പം പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ ഇവ ചേര്‍ത്ത ചമ്മന്തിയും ഉണ്ടകും. മറ്റു ദിവസങ്ങളില്‍ റാഗിയോ മറ്റ് ചെറുധാന്യങ്ങളോ ഉപയോഗിച്ചുണ്ടാക്കുന്ന പായസമോ മറ്റ് വ്യത്യസ്തവിഭവങ്ങളോ തയ്യാറാക്കി നൽകും.