വെള്ളയില്‍ ഫിഷിങ് ഹാര്‍ബറിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റി യോഗം ചേര്‍ന്നു. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം.
അനധികൃത പാര്‍ക്കിങ് നിയന്ത്രിക്കാന്‍ പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്താനും ഹാര്‍ബറില്‍ ഉപേക്ഷിച്ച മത്സ്യബന്ധന യാനങ്ങള്‍ പൊളിച്ചുനീക്കാനും തീരുമാനിച്ചു. മത്സ്യബന്ധന യാനങ്ങളിലെ വലയും മറ്റു അനുബന്ധ ഉപകരണങ്ങളും സൂക്ഷിക്കാന്‍ ഷെഡ്ഡ് നിര്‍മിക്കല്‍ അടുത്ത വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഹാര്‍ബര്‍ പരിസരത്ത് ലഹരി ഉപയോഗവും സാമൂഹിക വിരുദ്ധരുടെ ശല്യവും തടയാന്‍ പ്രദേശിക സമിതികള്‍ രൂപീകരിക്കുകയും പോലീസ് പട്രോളിങ് ശക്തമാക്കുകയും ചെയ്യും. കുടിവെള്ള കണക്ഷന്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി അനീഷ്, ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജയദീപ്, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, മത്സ്യഫെഡ് ജില്ലാ മാനേജര്‍, ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.