മതന്യൂനപക്ഷങ്ങൾക്കെതിരെ സംഘ് പരിവാർ ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്ന അത്യന്തം ഹീനമായ കടന്നാക്രമണത്തിൻ്റെ ഏറ്റവും ഒടുവിലത്തെ ഇരകളാണ്, കണ്ണൂർ ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസും അങ്കമാലി എളവൂർ ഇടവകാംഗവുമായ സിസ്റ്റർ പ്രീതി മേരിയും.
തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്റംഗ്ദൾ വന്യമായ അക്രമണോത്സുകതയോടെ രംഗത്തെത്തി സിസ്റ്റർമാർക്കെതിരെ മനുഷ്യക്കടത്തും നിർബ്ബന്ധിത മതപരിവർത്തനവും ആരോപിക്കുകയായിരുന്നു.
ചത്തിസ്ഗഡിലെ ദുർഗ് റയിൽവേ സ്റ്റേഷനിൽ കന്യാസ്ത്രീകളോടൊപ്പം മൂന്ന് പ്രായപൂർത്തിയെത്തിയ പെൺകുട്ടികളെ കണ്ടതോടെയാണ് ഹിന്ദുത്വ വിജിലൻ്റെ ഗ്രൂപ്പുകൾ ഓടിയെത്തി അതിക്രമം തുടങ്ങിയത്. ജാമ്യം പോലും നിഷേധിക്കപ്പെട്ട് ഇപ്പോഴും ജയിലിൽ കഴിയുകയാണ് സിസ്റ്റർമാർ. രാജ്യ മാസകലം ശക്തമായ പ്രതിഷേധമുയർന്നു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തന്നെ അതിശക്തമായി പ്രതിഷേധത്തിന് നേതൃത്വം നൽകി.
ജാതിയും മതവും ഭാഷയുമെല്ലാം ബഹുസ്വര ഇന്ത്യയുടെ വൈവിധ്യമാർന്ന മുഖങ്ങളാണ്. ഇത്തരം ഒരു രാജ്യത്ത്, വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും ആക്രോശവുമായി ഹിന്ദുത്വ രാഷ്ട്രവാദികൾ നിർബാധം മുന്നാട്ടു പോകുന്നത് അത്യന്തം ആപൽക്കരമാണ്.
കന്യാസ്ത്രീകൾക്ക് ജാമ്യം നിഷേധിച്ചതിനെ ന്യായീകരിച്ചു കൊണ്ട് ചത്തിസ്ഗഡ് മുഖ്യമന്ത്രി നടത്തിയ പ്രതികരണവും തുടർന്ന് സംഭവം എൻ. ഐ. എ. അന്വേഷിക്കുമെന്ന വാർത്തയുമെല്ലാം അങ്ങേയറ്റം ആശങ്കയുളവാക്കുന്നതാണ്. നരേന്ദ്ര മോഡി സർക്കാർ അധികാരത്തിൽ വന്ന ശേഷം ന്യൂനപക്ഷ മത വിഭാഗങ്ങളുടെ മനസ്സുകളിൽ എന്തെന്നില്ലാത്ത അന്യഥാ ബോധം പിടി മുറുക്കി കഴിഞ്ഞു. ഭരണഘടന ഉറപ്പു നല്കിയ മൗലിക സ്വാതന്ത്ര്യങ്ങൾ പിച്ചിചീന്തിക്കൊണ്ടാന്ന് സംഘ് പരിവാർ മുന്നോട്ടു പോകുന്നത്.
മതേരത ജനാധിപത്യ രാജ്യമായ ഇന്ത്യയിലാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത് എന്നത് എത്രമാത്രം ലജ്ജാകരമാണ്. അസഹിഷ്ണതയുടെ നീതി ശാസ്ത്രം ഒരു പുരോഗമന രാഷ്ട്രത്തിൽ എങ്ങിനെ അംഗീകരിക്കാൻ കഴിയും. ഈ പ്രാകൃത രാഷ്ട്രീയത്തിന് എത്രയും പെട്ടെന്ന് അറുതി വരുത്തേണ്ടെ?
കൃത്യമായി 25 വർഷം മുമ്പാണ് ഓസ്ട്രേലിയക്കാരൻ ഗ്രഹാം ബെല്ലിനെയും രണ്ടു മക്കളെയും തീവ്ര ഹിന്ദു വിഭാഗം ഒഡീസയിൽ വെച്ച് ഹീനമായ രീതിയിൽ വധിച്ചത്. ഒഡീസയിൽ മാത്രമല്ല ഉത്തർ പ്രദേശ്, മധ്യപ്രദേശ്, ചത്തിസ്ഗഡ്, രാജസ്ഥാൻ, അരുണാചൽ പ്രദേശ്, ജാർഖണ്ഡ്, മണിപ്പൂർ തുടങ്ങി എല്ലായിടത്തും ക്രൈസ്തവ വേട്ടയിൽ ആനന്ദിക്കുകയാണ് ഹിന്ദു ഫാസിസ്റ്റുകൾ. മുസ്ലിം വിരോധം ആളിപ്പടത്തുന്ന ഫാസിസ്റ്റുകൾ ഇസ്ലാമോ ഫോബിയയുമായി രാജ്യമാസകലം ഓടി നടക്കുകയാണ്. കേരളം ഞങ്ങളുടെ അടുത്ത ലക്ഷ്യമെന്ന് മോഡിയും അമിത് ഷായും പറഞ്ഞു കൊണ്ടേയിരിക്കുന്നു. തൃശൂർ തന്ത്രം വിജയിച്ചു എന്നതിനെ തുടർന്നാണ് ക്രൈസ്തവ സഭകളുമായി ബന്ധപ്പെടാനുള്ള സൃഗാല സൂത്രവുമായി അരമനതോറും സംഘപരിവാർ നേതാക്കൻമാർ ക്രിസ്മസ് കെയ്ക്കുമായി സന്ദർശനം നടത്തിയത്.
ന്യൂനപക്ഷ മതവിഭാഗങ്ങളുടെ സംസ്കാരവും സ്വാതന്ത്ര്യവും സംരക്ഷിച്ച, മതേതരത്വം ഭരണഘടനയിലൂടെ ഉറപ്പു നല്കിയ, ന്യൂനപക്ഷ മത വിഭാഗങ്ങൾക്കായി നിയമ നിർമ്മാണങ്ങളും പരിരക്ഷയും നൽകിയ പ്രസ്ഥാനം കോൺഗ്രസ്സ് മാത്രമാണ്. ഹിന്ദുത്വ ശക്തികളുമായി ഒരിക്കലും ഒരു വിട്ടു വീഴ്ചക്കും തയ്യാറാവാത്ത ഏക മതേതര ജനാധിപത്യ രാഷ്ട്രീയ പാർട്ടി കോൺഗ്രസ്സ് മാത്രമാണ്. രാഷ്ട്രീയ സ്വയം സേവക് സംഘിനെ മൂന്നുവട്ടം നിരോധിച്ച പ്രസ്ഥാനം കോൺഗ്രസ്സ്. നാളെയും ന്യൂനപക്ഷ സ്വാതന്ത്ര്യത്തിനും സംരക്ഷണത്തിനും വേണ്ടി കോൺഗ്രസ് നിലക്കൊള്ളും. കോൺഗ്രസ്സിന് പകരം കോൺഗ്രസ്സ് മാത്രം.