ജനവാസമേഖലയില്‍ ഇറങ്ങി നാട്ടുകാര്‍ക്ക് ദുരിതം വിതച്ച കുട്ടിയാനയെ ഒടുവില്‍ മയക്കുവെടിവച്ച് പിടികൂടി. കോഴിക്കോട് കാവിലുംപാറയിലാണ് ദിവസങ്ങളോളം നാട്ടുകാരുടെ ഉറക്കം കെടുത്തിയ രണ്ട് വയസ്സുള്ള കുട്ടിയാനയെ പിടികൂടിയത്. ആനയുടെ ആക്രമണത്തില്‍ കഴിഞ്ഞ 12ാം തിയ്യതി രണ്ട് സ്ത്രീകള്‍ക്കും രണ്ട് കുട്ടികള്‍ക്കും പരിക്കേറ്റിരുന്നു. വ്യാപകമായി കൃഷി നശിക്കുകയും ചെയ്തു.
രണ്ടാഴ്ചയോളമായി ആന ജനവാസ മേഖലയില്‍ ദുരിതം വിതച്ചതോടെ നാട്ടുകാര്‍ വലിയ പ്രതിഷേധത്തിലായിരുന്നു. ഫോറസ്റ്റ് അധികൃതര്‍ പ്രദേശത്ത് വ്യാപക പരിശോധന നടത്തിയെങ്കിലും കുട്ടിയാനയെ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് പ്രെത്യേക ദൗത്യസംഘം ഡ്രോണ്‍ ഉള്‍പ്പെടെ ഉപയോഗിച്ച് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഫോറസ്റ്റ് ചീഫ് വെറ്ററിനറി ഓഫീസര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തിയത്.
ഒടുവിൽ ഇന്ന് രാവിലെ ആനകുട്ടിയെ കണ്ടെത്തി. തുടര്‍ന്ന് മയക്കുവെടി വച്ച് വീഴ്ത്തുകയായിരുന്നു. കുട്ടിയാനയെ ആദ്യം മുത്തങ്ങ ആന ക്യാംപിലേക്ക് മാറ്റി ആരോഗ്യാവസ്ഥ നിരീക്ഷിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൂര്‍ണ ആരോഗ്യവാനാണെങ്കില്‍ ആനക്കൂട്ടത്തിനൊപ്പം തിരിച്ചയക്കും.