കുറ്റ്യാടി: കുറ്റ്യാടി പുതിയ ബസ് സ്റ്റാന്‍ഡില്‍ യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച വയോധികനെ കയ്യോടെ പിടികൂടി പോലീസിൽ ഏല്‍പ്പിച്ച് നാട്ടുകാര്‍. കക്കട്ട് സ്വദേശി ബാബു (69) വിനെയാണ് നാട്ടുകാര്‍ പിടികൂടി കുറ്റ്യാടി പൊലീസില്‍ ഏല്‍പ്പിച്ചത്. ഇന്നലെ രാത്രി 7.15 ഓടെയാണ് സംഭവം. ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവതിയുടെ പിന്നിലൂടെ എത്തിയ വയോധികന്‍ മാല പൊട്ടിച്ചോടാന്‍ ശ്രമിക്കുകയിരുന്നു. സംഭവസമയത്ത് ബസ് സ്റ്റാന്‍ഡില്‍ നല്ല തിരക്കുണ്ടായിരുന്നു.
എന്നാല്‍ യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ തടയുകയും പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് കുറ്റ്യാടി പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.