പ്രകൃതി സംരക്ഷണ ദിനത്തിൽ പ്രകൃതി സംരക്ഷണത്തിനായി സദാസമയവും പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഹരിത കർമ്മസേനാ അംഗങ്ങൾക്ക് വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ ആദരവ് നൽകി. എല്ലാ മാസവും സ്കൂളിൽ വരാറുള്ള ഹരിതകർമ്മ സേനാ അംഗങ്ങൾക്ക് പെൻബോക്സ് ചലഞ്ചിലൂടെ നൂറ് കണക്കിന് ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് പേനകൾ ശേഖരിച്ച് കൈമാറിയിരുന്നു.
പിന്നീട് ‘അക്ഷരപ്പച്ച’ പദ്ധതിക്ക് തുടക്കം കുറിച്ച് കൊണ്ട് പേപ്പർ പേനകൾ നിർമ്മിച്ച് നാട് മുഴുവൻ വിതരണം ചെയ്ത് പ്ലാസ്റ്റിക് മലിനീകരണങ്ങൾക്കെതിരായി ശക്തമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരികയാണ് ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ. ഇത്തരം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ട് കൂടിയാണ് ലോകപ്രകൃതി സംരക്ഷണ ദിനത്തിൽ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഹരിത കർമ്മ സേനാ അംഗങ്ങളെ ആദരിച്ചത്. സ്കൂൾ ലീഡർ എം.കെ. വേദ ഹരിത കർമ്മ സേനാ അംഗങ്ങളായ ടി.ജി. സൗഭാഗ്യ, എം.പി.സവിത എന്നിവർക്ക് പൊന്നാടയണിയിച്ചു. പി.ടി.എ. വൈസ് പ്രസിഡൻ്റ് എം.വി. മൃദുല അധ്യക്ഷത വഹിച്ചു. എസ്.ആർ.ജി.കൺവീനർ പി.കെ.അബ്ദുറഹ്മാൻ, പി. നൂറുൽ ഫിദ, മുഹമ്മദ് നഹ്യാൻ, വി.ടി. ഐശ്വര്യ, മുഹമ്മദ് റയ്ഹാൻ, എ.കെ. ത്രിജൽ എന്നിവർ പ്രസംഗിച്ചു.