മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിന് ഒരാണ്ട് പൂർത്തിയാകുമ്പോൾ അതിജീവിതർക്കായി ഒരുക്കുന്ന ടൗൺഷിപ്പിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. എൽസ്റ്റൺ എസ്റ്റേറ്റിൽ 410 വീടുകളിൽ 1662 പേർക്കാണ് തണലൊരുങ്ങുന്നത്. മാർച്ച് 27ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടതിനു ശേഷം അഞ്ച് മാസം കഴിയുമ്പോൾ മാതൃകാ വീടിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. വീടിന്റെ പെയിന്റിംഗ് പണി നടക്കുന്നു. മഴ തടസം സൃഷ്ടിച്ചില്ലെങ്കിൽ ഈ മാസം വീടിന്റെ പണി പൂത്തിയാകും.
അഞ്ച് സോണുകളിലായി നിർമ്മിക്കുന്ന 410 വീടുകളിൽ ആദ്യ സോണിൽ 140, രണ്ടാം സോണിൽ 51, മൂന്നാം സോണിൽ 55, നാലാം സോണിൽ 51, അഞ്ചാം സോണിൽ 113 എന്നിങ്ങനെയാണ് വീടുകളുണ്ടാവുക. പ്രകൃതി ദുരന്തങ്ങൾ അതിജീവിക്കാൻ സാധിക്കും വിധം 1000 ചതുരശ്രയടിയിൽ ഒറ്റ നിലയിൽ പണിയുന്ന കെട്ടിടം ഭാവിയിൽ ഇരുനില നിർമ്മിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ട് മുറികൾ, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോർ ഏരിയ എന്നിവ വീടിന്റെ ഭാഗമാണ്.
വീടുകൾക്ക് പുറമെ പൊതുറോഡ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവയും ടൗൺഷിപ്പിൽ ഉണ്ടാവും. ആരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി, ഫാർമസി, പരിശോധന-വാക്‌സിനേഷൻ-ഒബ്‌സർവേഷൻ മുറികൾ, ഒപി, ടിക്കറ്റ് കൗണ്ടർ സൗകര്യങ്ങൾ സജ്ജീകരിക്കും. പൊതുമാർക്കറ്റിൽ കടകൾ, സ്റ്റാളുകൾ, ഓപ്പൺ മാർക്കറ്റ്, കുട്ടികൾക്ക് കളി സ്ഥലം, പാർക്കിങ് എന്നിവ ഒരുക്കും. മർട്ടി പർപ്പസ് ഹാൾ, കളി സ്ഥലം, ലൈബ്രറി, സ്‌പോട്‌സ് ക്ലബ്ബ്, ഓപ്പൺ എയർ തിയേറ്റർ എന്നിവ കമ്മ്യൂണിറ്റി സെന്ററിൽ നിർമ്മിക്കും