നന്തിയ്ക്കും ചെങ്ങോട്ടുകാവിനും ഇടയില്‍ 11 കി.മീറ്റര്‍ ദൈര്‍ഘ്യത്തില്‍ നിര്‍മ്മിക്കുന്ന ബൈപ്പാസ് യാഥാര്‍ത്യമായാല്‍ കൊയിലാണ്ടി നഗരത്തിലെ ഗതാഗത സ്തംഭനത്തിന് ശ്വാശത പരിഹാരമാകും. കണ്ണൂര്‍ വടകര ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ക്ക് നന്തിയില്‍ നിന്ന് ബൈപ്പാസ് വഴി വന്നാല്‍ എളുപ്പത്തില്‍ കോഴിക്കോട് നഗരത്തിലെത്താം. തിരിച്ച് കോഴിക്കോട് നിന്ന് വരുന്ന വാഹനങ്ങള്‍ക്കും കൊയിലാണ്ടി നഗരത്തില്‍ വരാതെ ചെങ്ങോട്ടുകാവ് വഴി നന്തിയിലെത്താം. ഏറ്റവും എളുപ്പത്തില്‍ ഗതാഗത കുരുക്കൊന്നുമില്ലാതെ പോകാന്‍ കഴിയുന്ന ബൈപ്പാസിന്റെ നിര്‍മ്മാണം ഇപ്പോള്‍ മുടന്തി നീങ്ങുകയാണ്. ചെങ്ങോട്ടുകാവ് മുതല്‍ പന്തലായനി പുത്തലത്ത് കുന്നുവരെയാണ് ബൈപ്പാസിന്റെ പ്രവൃത്തി ഏതാണ്ട് പൂര്‍ത്തിയായത്. അവിടുന്ന് കൂമന്‍തോട്, കുന്ന്യോറമല, കൊല്ലം അടിപ്പാത വരെ റോഡ് നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ല. നന്തി ഭാഗത്തും പണി തടസ്സപ്പെട്ടു കിടക്കുന്നു. കുന്ന്യോറ മലയ്ക്കും കൊല്ലം അടിപ്പാതയ്ക്കും ഇടയില്‍ റോഡ് മണ്ണിട്ട് ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ടാറിംങ്ങ് പ്രവൃത്തി നടത്തിയിട്ടില്ല. കുന്ന്യോറമലയ്ക്കും പുത്തലത്ത് കുന്നിനും ഇടയില്‍ നിര്‍മ്മാണ പ്രവൃത്തി സ്തംഭിച്ചു കിടക്കുകയാണ്. അമ്പ്രമോളി പന്തലായനി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ റോഡില്‍ കൂമന്‍തോടില്‍ നിര്‍മ്മിക്കുന്ന അടിപ്പാതയുടെ നിര്‍മ്മാണം പാതി ഘട്ടത്തിലാണ്. ഈ അടിപ്പാത നിര്‍മ്മിച്ചാല്‍ മാത്രമേ ഈ ഭാഗത്ത് മണ്ണിട്ട് ഉയര്‍ത്താന്‍ കഴിയുകയുള്ളൂ.
പുത്തലത്ത്കുന്നു മുതല്‍ നന്തി വരെ സര്‍വ്വീസ് റോഡെങ്കിലും ഗതാഗതയോഗ്യമായാല്‍ വലിയ തോതിലുളള ഗതാഗത തടസ്സമില്ലാതെ ചെങ്ങോട്ടുകാവ് മുതല്‍ നന്തി വരെ സഞ്ചരിക്കാന്‍ കഴിയും. കൊയിലാണ്ടി ടൗണിനും ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തിനും ഇടയിലുളള റോഡ് തകര്‍ച്ചയും ഗാതഗത സ്തംഭനവും കണക്കിലെടുത്ത് ബസ്സുകളെല്ലാം ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് മുത്താമ്പി റോഡ് വഴിയെത്തി ബൈപ്പാസ് റോഡിലൂടെ ചെങ്ങോട്ടുകാവില്‍ എത്തുകയാണ് ചെയ്യുന്നത്. കേമത്തുകരയില്‍ താമരശ്ശേരി കൊയിലാണ്ടി സംസ്ഥാന പാതയില്‍ നിന്ന് പുതിയ ബൈപ്പാസിലേക്ക് സര്‍വ്വീസ് റോഡ് ബന്ധിപ്പിച്ചാല്‍ ബസ്സുകള്‍ക്ക് അതു വഴി പോകാന്‍ കഴിയും.
ചെങ്ങോട്ടുകാവ്, തിരുവങ്ങൂര്‍ എന്നിവിടങ്ങളില്‍ നിര്‍മ്മിച്ച അണ്ടര്‍പാസുമായി ആറ് വരി പാത ബന്ധിപ്പാക്കാനും അടിയന്തിര നടപടി വേണം. ഇത്തരം നിര്‍ദ്ദേശങ്ങള്‍ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും എന്‍ എച്ച് എ ഐ അധികൃതരുടെയും, നിര്‍മ്മാണ പ്രവൃത്തി കരാറെടുത്ത അദാനി, വഗാഡ് കമ്പനി പ്രതിനികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടികള്‍ നീക്കുന്നതില്‍ മെല്ലെപ്പോക്ക് സമീപനമാണ് സ്വീകരിക്കുന്നത്. കുന്ന്യോറമലയില്‍ മണ്ണിടിച്ചില്‍ ഭീഷണിയുളള സ്ഥലം ഏറ്റെടുക്കണമെന്ന സ്ഥലമുടമകളുടെ ആവശ്യത്തിലും തീരുമാനമായിട്ടില്ല.