ഓണത്തിന് ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. കോഴിക്കോട് മിയാമി കണ്‍വെന്‍ഷന്‍ സെന്ററില്‍ കുടുംബശ്രീ സിഡിഎസ് അധ്യക്ഷമാരുടെ സംഗമം ‘ഒന്നായി നമ്മള്‍’ സംസ്ഥാനതല ഉദ്ഘാടനവും സിഡിഎസ് പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
വിജ്ഞാന കേരളം പദ്ധതിയുമായി സഹകരിച്ച് ഒരുവര്‍ഷത്തിനകം മൂന്നുലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും. സ്ത്രീകള്‍ക്ക് വരുമാനലഭ്യത നേടിക്കൊടുക്കുന്നതിന്റെ ഭാഗമായി സംരംഭ രൂപീകരണത്തില്‍ ഏറെ മുന്നേറിക്കഴിഞ്ഞു. ഇനി വരുമാന വര്‍ധനവാണ് ലക്ഷ്യം. കുടുംബശ്രീയെ കാലാനുസൃതമായി നവീകരിക്കുന്നതിന്റെ ഭാഗമായി പുതിയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. വിശ്വസിച്ച് ഏത് ദൗത്യവും ഏല്‍പ്പിക്കാന്‍ കഴിയുന്ന പ്രസ്ഥാനമായി കുടുംബശ്രീ മാറി കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കാലാനുസൃതമായി പുതിയ ലക്ഷ്യങ്ങള്‍ കൂടി കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ ഉള്‍ച്ചേര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി വി അനുപമ മുഖ്യപ്രഭാഷണം നടത്തി. ഭാവി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ നിഷാദ് സി.സി പ്രത്യേക അവതരണം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനില്‍കുമാര്‍, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച് ദിനേശന്‍, ഗവേണിങ് ബോഡി എക്‌സിക്യൂട്ടീവ് അംഗം കെ കെ ലതിക, പ്രോഗ്രാം ഓഫീസര്‍ കെയു ശ്യാം കുമാര്‍, തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് സിഡിഎസ് അധ്യക്ഷ പി കെ റീഷ്മ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റീജ്യണല്‍ മാനേജര്‍ ബിജിത്ത് രാജഗോപാല്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ പി സി കവിത എന്നിവര്‍ സംസാരിച്ചു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള സിഡിഎസ് അധ്യക്ഷമാരാണ് സംഗമത്തില്‍ പങ്കെടുത്തത്.