ലോക സൗഹൃദ ദിനമായ ആഗസ്റ്റ് 3 ന് സുഹൃത്തുക്കൾ തമ്മിൽ വൃക്ഷത്തൈകളുടെ കൈമാറൽ പരിപാടിയുമായി ഹരിതകേരളം മിഷൻ. സൗഹൃദം മഹാവൃക്ഷമായി വളരട്ടെ എന്ന ആശയവുമായി ഒരു തൈ നടാം ജനകീയ വൃക്ഷവത്ക്കരണ ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സൗഹൃദ ദിനത്തിലോ അനുബന്ധ ദിവസങ്ങളിലോ നടക്കുന്ന പരിപാടിയിൽ സംസ്ഥാനത്തെ സ്‌കൂളുകൾ, കലാലയങ്ങൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, വായനശാലകൾ ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ സുഹൃത്തുക്കൾക്ക് നട്ടുവളർത്താൻ വൃക്ഷത്തൈകൾ പരസ്പരം കൈമാറിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് സൃഷ്ടിച്ച പച്ചത്തുരുത്തുകളിലും അന്ന് തൈകൾ നടും. പുതിയ നിരവധി പച്ചത്തുരുത്തുകൾക്കും അന്ന് തുടക്കം കുറിക്കും. പരിസ്ഥിതി പുനഃസ്ഥാപനം, നെറ്റ് സീറോ കാർബൺ കേരളം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പരിപാടി. കുട്ടികളിൽ പരിസ്ഥിതി സ്‌നേഹം വളർത്തുന്നതിനും ചങ്ങാതിക്കൊരു തൈ പരിപാടിയിലൂടെയുള്ള വൃക്ഷത്തൈ കൈമാറ്റം ലക്ഷ്യമിടുന്നുണ്ട്. ചങ്ങാതിയുടെ പേരിൽ മണ്ണിലൊരു തൈ നട്ട് പരിപാലിക്കുന്നതിലൂടെ മണ്ണും മനുഷ്യനും തമ്മിലുള്ള ജൈവബന്ധവും സുഹൃത്തുക്കൾ തമ്മിലുള്ള ആത്മബന്ധവും മഹാവൃക്ഷം പോലെ വളരട്ടെയെന്ന സന്ദേശംകൂടി കുട്ടികളിലെത്തും.