വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം നിർമാണം ആരംഭിച്ച കുറ്റ്യാടി ബൈപാസിന്റെ പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു.
നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്നതാണ് ബൈപാസ്.
നിലവിൽ റീടൈനിങ് വാൾ, ഓവുചാൽ, സോയിൽ സ്റ്റബിലൈസേഷൻ പ്രവൃത്തികളാണ് പ്രതികൂല കാലാവസ്ഥയിലും നടക്കുന്നത്.
വെള്ളക്കെട്ട് കാരണമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി അഞ്ച് ഓവുചാലുകളാണ് നിർമ്മിക്കുക.
ആവശ്യമായ സ്ഥലങ്ങളിൽ അഴുക്കുചാലും ഒരുക്കും. സംസ്ഥാനപാതയിലെ കടേയ്ക്കച്ചാലിൽ നിന്നാരംഭിച്ച് പേരാമ്പ്ര പാലത്തിനടുത്ത് എത്തിച്ചേരുന്ന രീതിയിലാണ് റോഡിൻ്റെ അലൈൻമെന്റ്. 1.46 കിലോമീറ്റർ നീളത്തിൽ 12 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കുക. ബാബ് കൺസ്ട്രക്ഷനാണ് പ്രവൃത്തിയുടെ ചുമതല. കിഫ്ബി മാനദണ്ഡങ്ങൾക്ക് വിധേയമായാണ് പ്രവൃത്തി.
ബൈപാസിനുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ സമയബന്ധിതമായാണ് പൂർത്തിയാക്കിയത്.
1.5789 ഹെക്ടർ ഭൂമിയാണ് ഇതിനായി ഏറ്റെടുത്തത്. ഭൂമിയുടെ നഷ്ടപരിഹാരം ഉൾപ്പെടെ നൽകി. 39.42 കോടി രൂപയാണ് പദ്ധതി തുക. 20 വർഷത്തിലധികമായുള്ള നാട്ടുകാരുടെ കാത്തിരിപ്പിനാണ് കുറ്റ്യാടി ബൈപാസ് പൂർത്തിയാകുന്നതോടെ വിരാമമാകുക.