കൊയിലാണ്ടി: വെങ്ങളത്തിനും വടകര അഴിയൂരിനുമിടയിൽ ദേശീയപാതയിലെ ഗതാഗത തടസ്സം അടിയന്തരമായി പരിഹരിക്കണമെന്ന് ഡി സി സി പ്രസിഡന്റ് അഡ്വക്കേറ്റ് കെ. പ്രവീൺകുമാർ ആവശ്യപ്പെട്ടു. റോഡിലെ കുണ്ടംകുഴിയും നികത്തി ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ കോൺഗ്രസ് അതിശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകും .പൂക്കാട് തിരുവങ്ങൂർ ഭാഗത്ത് ഗതാഗതം പൂർണമായും തടസ്സപ്പെട്ട നിലയിലാണ്. രാവിലെ വിവിധ തൊഴിലിടങ്ങളിലേക്ക് പോകേണ്ട വരും സ്കൂൾ കോളേജ് വിദ്യാർത്ഥികളും കടുത്ത യാതനയാണ് അനുഭവിക്കുന്നത്.
കുണ്ടും കുഴിയുമായി റോഡിലൂടെ രോഗികളെ കൊണ്ടുപോകുന്ന ആംബുലൻസ് കടത്തിവിടാൻ പോലും ബുദ്ധിമുട്ടുകയാണ്. സർവ്വീസ് റോഡ് പൂർണ്ണമായി തകർന്ന മട്ടിലാണ് പൊയിൽക്കാവ് പൂക്കാട് തിരുവങ്ങൂർ ഭാഗത്ത് സർവീസ് റോഡിൽ വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത് .ഈ കുഴികൾ അടയ്ക്കാനോ ഗതാഗതം സുഗമമാക്കാനോ ദേശീയപാത വികസന പ്രവൃത്തി കരാർ കമ്പനി ഒരു കാര്യവും ചെയ്യുന്നില്ല. ചെങ്ങോട്ടുകാവിൽ അണ്ടർ പാസ്സ് നിർമ്മിച്ചിട്ട് രണ്ടു വർഷത്തോളമായി. എന്നിട്ടും അണ്ടർ പാസ്സും ആറുവരി പാതയുമായി ബന്ധിപ്പിച്ചിട്ടില്ല. സമാനസ്ഥിതിയാണ് തിരുവങ്ങൂരിലും ഉള്ളത്.
തിരുവങ്ങൂരിൽ അണ്ടർ പാസ് നിർമ്മിച്ചിട്ട് ഒന്നര വർഷത്തോളമായി. ഇവിടെയും അണ്ടർ പാസിനു മുകളിലൂടെ വാഹനങ്ങൾ കടത്തിവിടാൻ സാധിക്കുന്നില്ല. പൊയിൽക്കാവിൽ അണ്ടർ പാസ് നിർമ്മാണം ആകെ തകിടം മറിഞ്ഞ അവസ്ഥയിലാണ്. മഴക്കാലത്തിനു മുൻപ് ഈ ഭാഗത്ത് ദേശീയപാത നിർമ്മാണ പ്രവർത്തി പൂർത്തിയാക്കേണ്ടതായിരുന്നു .എന്നാൽ കരാർ കമ്പനി അലംഭാവം കാട്ടുകയാണ് ഇക്കാര്യത്തിൽ ഉണ്ടായത്. നിർമ്മാണ പ്രവൃത്തി വേഗത്തിലാക്കാൻ ഒരു നടപടിയും സംസ്ഥാന സർക്കാരിൻറെ ഭാഗത്തു നിന്ന് ഉണ്ടാവുന്നില്ല. പൊതുമരാമത്ത് വകുപ്പുമന്ത്രി ഇക്കാര്യത്തിൽ തികഞ്ഞ നിഷ്ക്രിയത്വമാണ് കാണിക്കുന്നത്. കൊയിലാണ്ടി ടൗണിൽ കുടിവെള്ള പദ്ധതിക്കായി റോഡ് കീറി മുറിച്ചത് ഇനിയും പഴയ പടിയാക്കിയിട്ടില്ല. മഴക്കാലത്തിന് തൊട്ടുമുൻപാണ് റോഡ് കീറിമുറിച്ചത് .കുണ്ടും കുഴിയും റോഡിലൂടെ വാഹനഗതാഗതം അതീവ ദുഷ്കരമാണ്.ഇത്തരം കാര്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് അതിശക്തമായ പ്രക്ഷോഭത്തിന് കോൺഗ്രസ് തയ്യാറെടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുന്നറിയിപ്പു നൽകി.