മലയോര മേഖലയുടെ കായിക സ്വപ്‌നങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് കല്ലുനിരയില്‍ മിനി സ്റ്റേഡിയം ഒരുങ്ങുന്നു. കായിക വകുപ്പും വളയം ഗ്രാമപഞ്ചായത്തും ഇ കെ വിജയന്‍ എംഎല്‍എയും ചേര്‍ന്ന് ഒരു കോടിരൂപ ചെലവില്‍ ഗ്രാമപഞ്ചായത്തിന്റെ സ്ഥലത്താണ് ആധുനികസൗകര്യത്തോടെ സ്റ്റേഡിയം നിര്‍മിക്കുക. നിര്‍മാണത്തിന് 50 ലക്ഷം രൂപ കായിക വകുപ്പ് അനുവദിച്ചപ്പോള്‍ ബാക്കി ഇ കെ വിജയന്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍നിന്നാണ് ചെലവിടുക.
മഡ് ഫുട്ബാള്‍ ഗ്രൗണ്ട്, ഫ്‌ളഡ്‌ലിറ്റുകള്‍, ഫെന്‍സിങ്, വോളിബോള്‍, ഷട്ടില്‍ കോര്‍ട്ടുകള്‍, ഫ്രഷ്‌റൂം, സ്റ്റോര്‍ റൂം, മിനി ഗാലറി, പ്രവേശനകവാടം എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. സ്‌പോര്‍ട്‌സ് കേരളക്കാണ് നിര്‍മാണ ചുമതല. ഒട്ടേറെ കായിക പ്രതിഭകള്‍ക്ക് ജന്മം നല്‍കിയ മലയോര മേഖലയില്‍ സ്റ്റേഡിയങ്ങളുടെ അപര്യാപ്തതക്ക് കല്ലുനിര മിനി സ്റ്റേഡിയം പരിഹാരമാകുമെന്നാണ് പ്രതീക്ഷ. നിര്‍മാണസ്ഥലം സ്‌പോര്‍ട്‌സ് കേരളയിലെ എഞ്ചിനീയര്‍മാര്‍ പരിശോധിച്ചു.
പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ നിര്‍വഹിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ് അറിയിച്ചു.