എരഞ്ഞിക്കൽ : മുതിർന്ന കോൺഗ്രസ് നേതാവും ജില്ലാ കോൺഗ്രസ് കമ്മിറ്റി മെമ്പറുമായ കളരിത്തറ അഹമ്മദ് വാഹനാപകടത്തിൽ മരിച്ചു. ജൂലായ് 23ന് രാവിലെ പ്രഭാത സവാരിക്കിടെ മുൻമന്ത്രി എസി ഷണ്മുഖദാസിൻറെ വീടായ യുവതയുടെ മുൻവശത്ത് വെച്ചാണ് അപകടം. പിന്നിൽ വന്ന ബൈക്കിടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് മൈത്ര ഹോസ്പിറ്റൽ ചികിത്സയ്ക്കിടെ വൈകുന്നേരം ഏഴു മണിയോടെ മരിച്ചു.
1992 മുതൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അംഗമായി കോഴിക്കോട് ജില്ലയിൽ പാർട്ടിയുടെ നേതൃത്വപരമായ ചുമതല വഹിച്ചു വരികയായിരുന്നു. 1978ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പിളർപ്പിൽ ഇന്ദിരാഗാന്ധിയോടൊപ്പം ഉറച്ചുനിൽക്കുകയും 2005 ൽ കോൺഗ്രസിൻ്റെ രണ്ടാമത്തെ പിളർപ്പിൽ തന്റെ നേതാവായ കെ കരുണാകരന്റെ നിലപാടിനോടൊപ്പം ഡിഐസി എന്ന രാഷ്ട്രീയ സംഘടനയുടെയും ജില്ലാ അംഗമെന്ന ചുമതല വഹിക്കുകയും ചെയ്തു. ഉറച്ച കരുണാകര അനുയായിയായ അഹമ്മദ് കെ കരുണാകരൻ തിരികെ കോൺഗ്രസിൽ എത്തിയപ്പോൾ തിരിച്ചു കോൺഗ്രസിൽ വീണ്ടും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അംഗമെന്ന തൻ്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു.
കോഴിക്കോട് സിഎംസി ബോയ്സ് സ്കൂളിൽ കെ എസ് യു വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയും യൂത്ത് കോൺഗ്രസിന്റെ ചുമതല മണ്ഡലം തലത്തിലും, ബ്ലോക്ക് തലത്തിലും നേതൃപരമായി വഹിക്കുകയും, പിന്നീട് എലത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് എന്ന ചുമതല ഏറ്റെടുത്ത പ്രവർത്തനത്തിന് ശേഷമായിരുന്നു സുദീർഘകാലം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അംഗമായി തുടരുന്നത്.
ഭാര്യ പാണ്ടിയാടത്ത് നസീമ, മക്കൾ ഷമിം മുറാദ് , (Anchor), ജുഗ്നു സക്കീർ (ദുബായ്), ദിലൂപ് മിര്‍ഷ (കുവൈത്ത് ), ഷംബ്രീത് അഹമ്മദ് (കാരന്നൂർ സർവീസ് സഹകരണ ബാങ്ക്,) ബാരിഷ് റഹ്മാൻ (ബഹറിൻ). മരുമക്കൾ മല്ലിഹ, നിഫ്രാസ, നിഹാല. താഹ എലത്തൂർ, സഫിയ, റംല, പരേതനായ കോയസ്സൻ
എന്നിവർ സഹോദരങ്ങളാണ്. ഉച്ചയ്ക്ക് 1 മണിക്ക് എരഞ്ഞിക്കൽ താഴെ തൊടികയിൽ വീട്ടിൽ പൊതുദർശനം. തുടർന്ന് എരഞ്ഞിക്കൽ ജുമാമസ്ജിദിൽ നിസ്കാരം. 4 മണിക്ക് എലത്തൂർ എം ഐ മദ്രസയിൽ പൊതുദർശനം. ഖബറടക്കം വൈകുന്നേരം 5 മണിക്ക് എലത്തൂർ ജുമാ മസ്ജിദിൽ.