ഭരണഘടനയെ തകർക്കാനുള്ള ബിജെപി നീക്കം മൗഢ്യമാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ‍്വ. കെ പ്രകാശ് ബാബു

കോഴിക്കോട്: ഭരണഘടനയെ തകർക്കാനുള്ള ബിജെപി നീക്കം മൗഢ്യമാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ‍്വ. കെ പ്രകാശ് ബാബു. ഇതിന്റെ ആദ്യപടിയായി ഭരണഘടനയിൽ നിന്നും മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ ഒഴിവാക്കാനാണ് നീക്കം. സോഷ്യലിസം, മതേതരത്വം എന്നീ പദങ്ങൾ ഭരണഘടനയുടെ ആമുഖത്തിൽ എഴുതിച്ചേർത്തത് അടിയന്തരാവസ്ഥക്കാലത്താണെന്നും അതുകൊണ്ട് തന്നെ ഇത് നീക്കം ചെയ്യണമെന്നുമാണ് ബിജെപി- ആർ എസ് എസ് നേതാക്കൾ ആവശ്യപ്പെടുന്നത്. ആർ എസ് എസ് നേതാവ് ദത്താത്രേയ ഹൊസബലെയ്ക്ക് പിന്നാലെ ആർ എസ് എസിന്റെ ഹിന്ദുരാഷ്ട സ്വപ്നം മുൻനിർത്തിയുള്ള ഈ ആവശ്യത്തെ പിന്തുണച്ചുകൊണ്ടാണ് ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധൻകറും രംഗത്ത് വന്നത്. ഭരണഘടനയിൽ ഉണ്ടായിരുന്നില്ലെന്നതുകൊണ്ട് ഡോ. ബി ആർ അംബേദ്കർ എഴുതിയ ഭരണഘടനയിൽ മതേതരത്വ, സോഷ്യലിസ്റ്റ് ആശയങ്ങൾ ഇല്ലായിരുന്നുവെന്ന് പറയുന്നത് തെറ്റാണെന്നും ഭരണഘടനയുടെ അന്തസത്ത തന്നെ മതേതരത്വത്തിലും സോഷ്യലിസ്റ്റ് ആശയങ്ങളിലുമാണ് നിലകൊള്ളുന്നതെന്നും അഡ‍്വ. കെ പ്രകാശ് ബാബു പറഞ്ഞു. കല്ലാച്ചിയിൽ നടക്കുന്ന സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കല്ലാച്ചി ഓത്തിയിൽ കൺവെൻഷൻ സെന്ററിലെ എം നാരായണൻ മാസ്റ്റർ നഗറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധൻകർ ഭരണഘടനയ്ക്കെതിരെ പരസ്യനിലപാടാണ് സ്വീകരിച്ചത്. ജഗ്ദീപ് ധൻകർ രാജി അനാരോഗ്യം മൂലമാണെന്നാണ് പറയപ്പെടുന്നെങ്കിലും ഇതെക്കുറിച്ചുള്ള യഥാര്‍ത്ഥ വിവരങ്ങള്‍ വൈകാതെ പുറത്തുവരും. മതേതരത്വം ഉൾപ്പെടെയുള്ള വാക്കുകൾ ഭരണഘടനയിലെ വ്രണങ്ങളാണ് എന്ന് പറഞ്ഞ് ഭരണഘടനയെ ഇത്രത്തോളം നിന്ദ്യമായി ആക്ഷേപിച്ച ഇദ്ദേഹത്തെപ്പോലെ മറ്റൊരാൾ ഉണ്ടായിട്ടില്ല. ഇക്കാര്യങ്ങള്‍ ജനങ്ങളോട് പറയേണ്ടത് കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ കടമയാണ്. ഇന്ത്യൻ ഭരണഘടനയുടെ ഏറ്റവും വലിയ സവിശേഷത മതേതരത്വമാണെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകളെ തകർക്കാൻ പാടില്ലെന്നും ബെഞ്ച് വ്യക്തമാക്കുകയുണ്ടായി. എന്നാൽ സംഘപരിവാർ ഭരണകൂടം ജുഡീഷ്യറിയ്ക്കും മേലെയാണ് പാർലമെന്റ് എന്ന് വാദിച്ച് രംഗത്തെത്തുകയാണ്. നിയമസഭ പാസാക്കുന്ന ബില്ലുകൾ മൂന്ന് മാസത്തിനകം രാഷ്ട്രപതി അംഗീകരിക്കണമെന്നാണ് ഭരണഘടന വിവക്ഷിക്കുന്നത്. എന്നാൽ കേന്ദ്ര സർക്കാർ ഇത് അട്ടിമറിക്കുകയാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന ക്ഷേമരാഷ്ട്ര സങ്കല്പം തന്നെയാണ് ഇല്ലാതാക്കുന്നത്. ജനങ്ങളുടെ മൗലികാവകാശങ്ങളെ ഇല്ലാതാക്കുന്ന ബിജെപിയ്ക്ക് അടിയന്തരാവസ്ഥയെക്കുറിച്ച് മാത്രം പറഞ്ഞ് രക്ഷപ്പെടാനാവില്ല. രണ്ട് കാലിലും മന്തുള്ളവൻ ഒരു കാലിന് മന്തുള്ളവനെ പരിഹസിക്കുന്ന തരത്തിലാണ് ബിജെപിയുടെ പ്രതികരണങ്ങൾ. അടിയന്തരാവസ്ഥയേക്കാൾ എത്രയോ ഭീകരമായ വിധത്തിലാണ് ബിജെപി പൗരാവകാശങ്ങളെ അടിച്ചമർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് സാമ്പത്തിക അസമത്വം വർധിക്കുന്നു. ഉള്ളവനും ഇല്ലാത്തവനുമെന്ന അന്തരം വർധിച്ചു. തുല്യജോലിക്ക് തുല്യവേതനം എന്നത് ഇല്ലാതാക്കി. സ്ത്രീ-പുരുഷ സമത്വം എന്ന ആശയത്തെ തന്നെയാണ് ബിജെപി ഭരണകൂടം തകർക്കുന്നത്. രാജ്യത്തിന്റെ സമ്പത്ത് ഏതാനും കോർപറേറ്റ് മൂലധന ശക്തികളുടെ കൈകളിലെത്തിക്കാനാണ് മോഡി സർക്കാറിന്റെ ശ്രമം. അടുത്തിടെ 99,000 കോടി രൂപയാണ് കോർപ്പറേറ്റ് ശക്തികൾക്ക് നികുതിയിളവായി കേന്ദ്രഭരണകൂടം അനുവദിച്ചത്. കർഷകർക്കുള്ള സബ്സിഡി പോലും യഥാസമയം നൽകാതെയാണ് ഈ കോർപ്പറേറ്റ് പ്രീണനം. 2019-24 വർഷം നാലുലക്ഷം കോടിയിലേറെ രൂപയായിരുന്നു കോർപ്പറേറ്റുകൾക്ക് നികുതി ഇളവനുവദിച്ചത്. ഇന്ത്യയുടെ വിദേശനയം ആശങ്കയുണ്ടാക്കുന്നതാണ്. പലസ്തീന്റെ രൂപീകരണം മുതൽ ആ രാജ്യത്തെ പിന്തുണയ്ക്കുന്ന നയമാണ് ഇന്ത്യ സ്വീകരിച്ചിരുന്നത്. എന്നാൽ നമ്മുടെ വിദേശ നയത്തിന് വിരുദ്ധമായി ഇസ്രയേലിനെ പിന്തുണയ്ക്കുകയാണ് നരേന്ദ്ര മോഡി സർക്കാർ ചെയ്യുന്നത്. 2014ൽ ഭരണം ലഭിച്ചതുമുതൽ രാജ്യത്തെ സാമ്രാജ്യത്വത്തിന് അടിയറ വെയ്ക്കുന്ന നയമാണ് മോഡി സർക്കാർ പിന്തുടരുന്നത്. തുടർന്ന് 2019ൽ ഭൂരിപക്ഷം വർധിച്ചതോടെ രാജ്യത്തിന്റെ ഭരണഘടനയെപ്പോലും അട്ടിമറിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. നമ്മുടെ ഭരണഘടനാ തത്വങ്ങൾ കാറ്റിൽ പറത്തി ജമ്മു കാശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റി. പൗരത്വ നിയമ ഭേദഗതിയും ഇത്തരത്തിലാണ് പാസാക്കിയത്. കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമഭേദഗതിക്കെതിരെ നടത്തിയ അതിശക്തമായ കർഷക പ്രക്ഷോഭം രാജ്യത്തിന്റെ പ്രക്ഷോഭ ചരിത്രത്തിൽ എറ്റവും വലിയതായിരുന്നു. 2024ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ കഴിഞ്ഞില്ല. എന്നാൽ സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ജനവിരുദ്ധനയങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനാണ് മോഡി സർക്കാർ പരിശ്രമിക്കുന്നത്. ഇതേസമയം യഥാർത്ഥ സാമ്പത്തിക ബദൽ എന്താണെന്ന് കേരളം രാജ്യത്തിന് കാട്ടിക്കൊടുക്കുകയാണ്. ഭൂമിയില്ലാത്തവർക്ക് ഭൂമിയും വീടില്ലാത്തവർക്ക് വീടും അനവദിക്കുന്നതിന് കേരളത്തിലെ ഇടതുപക്ഷ സർക്കാർ സ്വീകരിക്കുന്ന നടപടികൾ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയാണ്. ഇങ്ങനെ ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നേറുന്ന ഇടതുപക്ഷ സർക്കാരിനെ എങ്ങിനെ തകർക്കാമെന്നാണ് കേന്ദ്ര സർക്കാർ പരിശോധിക്കുന്നത്. അർഹതപ്പെട്ട ആനുകൂല്യങ്ങൾ പോലും തടഞ്ഞ് സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നു. ഓണത്തിന് അധികം അരി ചോദിച്ചപ്പോൾ അതുപോലും അനുവദിക്കാൻ കഴിയില്ലെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്. എന്നാൽ ഇതിനെയെല്ലാം അതിജീവിച്ചുകൊണ്ടാണ് എൽഡിഎഫ് സർക്കാർ അതിന്റെ ജനപക്ഷ നിലപാടുകളുമായി മുന്നേറുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനത്തിന് തുടക്കം കുറിച്ച് മുതിർന്ന പ്രതിനിധി കെ ജി പങ്കജാക്ഷൻ പതാക ഉയർത്തി. ഇ കെ വിജയൻ എം എൽ എ കൺവീനറായ പ്രീസീഡിയവും ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളടങ്ങിയ സ്റ്റിയറിംഗ് കമ്മിറ്റിയും ആർ ശശി കൺവീനറായ പ്രമേയ കമ്മിറ്റിയും ടി എം ശശി കൺവീനറായ മിനുട്സ് കമ്മിറ്റിയും വൈശാഖ് കല്ലാച്ചി കൺവീനറായ ക്രഡൻഷ്യൽ കമ്മിറ്റിയം കെ പി പവിത്രൻ കൺവീനറായ രജിസ്ട്രേഷൻ കമ്മിറ്റിയുമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ആർ സത്യൻ രക്തസാക്ഷി പ്രമേയവും അജയ് ആവള അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗം ടി കെ രാജൻ മാസ്റ്റർ രാഷ്ട്രീയ റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ പി സുരേഷ് ബാബു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സി പി ഐ സംസ്ഥാന അസി. സെക്രട്ടറി ഇ ചന്ദ്രശേഖരൻ എം എൽ എ, സംസ്ഥാന എക്സി. അംഗവും ഭക്ഷ്യമന്ത്രിയുമായ ജി ആർ അനിൽ, സംസ്ഥാന എക്സി. അംഗം അഡ്വ. പി വസന്തം എന്നിവർ സംസാരിച്ചു. സ്വാഗത സംഘം കൺവീനർ രജീന്ദ്രൻ കപ്പള്ളി സ്വാഗതം പറഞ്ഞു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സത്യൻ മൊകേരി, സി കെ ശശിധരൻ, ടി വി ബാലൻ, എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രതിനിധി സമ്മേളനം ഇന്നും തുടരും. നാളെ വൈകുന്നേരം കാനം രാജേന്ദ്രന്‍ നഗറില്‍ നടക്കുന്ന പൊതുസമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published.

Previous Story

മാതൃഭാഷയ്ക്ക് വേണ്ടിയുള്ള സമരം വർഗ സമരം തന്നെയാണ് : ഡോകെ.എം. അനിൽ

Next Story

രാമായണ പ്രശ്നോത്തരി ഭാഗം – 9

Latest from Main News

രാമായണ പ്രശ്നോത്തരി ഭാഗം – 10

ഹനുമാൻ ആരുടെ പുത്രനായിരുന്നു ? വായു ഭഗവാൻ്റെ   ഹനുമാൻ ലങ്കയിലേക്ക് പോയത് മുതൽ മടങ്ങിയെത്തുന്നത് വരെയുള്ള കഥാഭാഗം വർണ്ണിക്കുന്നത് രാമായണത്തിലെ

ലയൺസ് ഇൻറർനാഷനൽ ഡിസ്ട്രിക്ട് കാബിനറ്റ് ഇൻസ്റ്റാലേഷൻ ബാലുശ്ശേരിയിൽ

കോഴിക്കോട്, വയനാട്, മാഹി, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഇൻറർനാഷനൽ ഡിസ്ട്രിക്ട് 318 കാബിനറ്റ് ഇൻസ്റ്റാലേഷൻ ജൂലായ് 27

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ  26-07-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട്’ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ  26-07-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.സൂപ്പി ജനറൽസർജറി ഡോ.രാഗേഷ് ഓർത്തോവിഭാഗം ഡോ ജേക്കബ് മാത്യു ഇ.എൻടിവിഭാഗം

സാഹസികതക്കൊപ്പം സുരക്ഷയും; അപകടരഹിത കയാക്കിങ് ഉറപ്പാക്കി മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍

ചാലിപ്പുഴയിലെയും ഇരുവഴഞ്ഞി പുഴയിലെയും കൂറ്റന്‍ പാറകളെയും ആറ്റുവഞ്ചി ചെടികളെയും ഭേദിച്ച് വേണം കയാക്കര്‍മാര്‍ ലക്ഷ്യ സ്ഥാനത്തെത്താന്‍. മത്സരത്തിനിടയില്‍ കയാക്ക് മറിയാനും പാറകളില്‍