അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിര്ന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അര്പ്പിച്ച് കേരളം. പൊതുദര്ശനം ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന് ഗ്രൗണ്ടില് തുടരുകയാണ്. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലും, പുന്നപ്രയിലെ വിഎസിന്റെ വസതിയിലും പൊതുദര്ശനത്തിന് വച്ച മൃതദേഹത്തില് പതിനായിരക്കണക്കിനാളുകളാണ് അന്തിമോപചാരം അര്പ്പിച്ചത്. കനത്ത മഴയിലും, ജനസാഗരമാണ് പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാന് ആലപ്പുഴ കടപ്പുറത്ത് നിലയുറപ്പിച്ചിരിക്കുന്നത്. വിഎസിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ആലപ്പുഴ വലിയ ചുടുകാട്ടിൽ ഇന്ന് നടക്കും. നാലു മണിക്കാണ് സംസ്കാരം നിശ്ചയിച്ചിരുന്നത് എങ്കിലും ജനത്തിരക്കു കാരണം വൈകുകയാണ്.
പുന്നപ്ര വയലാർ രക്ത സാക്ഷികളുടെ ജീവൻ തുടിക്കുന്ന സ്മരണകൾ ഇരമ്പുന്ന വലിയ ചുടുകാട് രക്ത സാക്ഷി മണ്ഡപത്തിലാണ് വി.എസിൻ്റെയും അന്ത്യ വിശ്രമം. പി. കൃഷ്ണപിള്ള, കെ. ആര് ഗൗരിയമ്മ, ടി വി തോമസ് തുടങ്ങി ഒട്ടേറെ ജനകീയ നേതാക്കള് അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട് ഇനി വിഎസിന്റെ ഉജ്വലമായ സമരഗാഥകളുടെ കൂടി അവസാന സാക്ഷിയായി നിലകൊള്ളും.









