ഒരിടവേളയ്ക്ക് ശേഷം സബർമതി സമ്മാനിച്ചത് സമ്മോഹനങ്ങളായ രണ്ട് രാവുകളായിരുന്നു. ആംസിസ് മുഹമ്മദ് രചനയും പ്രേമൻ മുചുകുന്ന് സംവിധാനവും നിർവ്വഹിച്ച “എം.ടി, എഴുത്തിൻ്റെ ആത്മാവ് ” ആദ്യ ദിവസം അരങ്ങേറി. വായനയിലൂടെ മലയാളികൾക്ക് രൂപഭാവങ്ങൾ നൽകി, അവരുടെ മനസ്സിൽ മുമ്പേ പ്രതിഷ്ഠിക്കപ്പെട്ടവരാണ് എം.ടിയുടെ മിക്ക കഥാപാത്രങ്ങളും. കടുത്ത ഏകാന്തതയും ആത്മനിന്ദയും പേറുന്നവരും
അസ്വസ്ഥരുമാണവർ. മലയാളത്തിൻ്റെ സുകൃതമായ എം ടിയുടെ പല മാനങ്ങളുള്ള അത്തരം കഥാപാത്രങ്ങളെ ഒരു നാടകത്തിൻ്റെ അരങ്ങടുപ്പങ്ങളിലൊതുക്കുക ശ്രമകരമാണ്. ഓരോ വായനക്കാരൻ്റെയും സങ്കൽപ്പങ്ങളിൽ പല രൂപഭാവങ്ങളിൽ വലുപ്പം നേടിയവർ. എഴുത്തി
ലൂടെ അവരെ അരങ്ങിലേക്കാവാഹിക്കാൻ ആംസിസ് നടത്തിയ ശ്രമം പ്രശംസനീയമാണ്. മാറി മാറി വരുന്ന ദൃശ്യമാവശ്യപ്പെടുന്ന അരങ്ങൊരുക്കം ഈ നാടകത്തിൻ്റെ അണിയറ പ്രവർത്തകർക്ക് ഒരുവെല്ലുവിളി തന്നെയെന്ന് തോന്നി.
മഞ്ഞിലെ വിമല വായനക്കാരൻ്റെ മൗനനൊമ്പരമാകുന്നു. നൈനിറ്റാളിലെ തടാകക്കരയിൽ ‘അവളിപ്പോഴും വരാമെന്ന് പറഞ്ഞ് പോയ സുധീർ കുമാർ മിശ്രയെ പ്രതീക്ഷിക്കുന്നു. താഴ്‌വരയിലെ എല്ലാവരും ഒരർത്ഥത്തിൽ കാത്തിരിക്കുകയാണ്…..
ആ കാത്തിരിപ്പിൻ്റെ ആഴം അരങ്ങിലെത്തിക്കാൻ വിമലയായി വന്ന ശ്രീജയ്ക്ക് ഏറെക്കുറെ കഴിഞ്ഞിട്ടുണ്ട്. മുഖാമുഖം നിന്ന് തൻ്റെ വ്യഥകളെ പറയാൻ അരങ്ങിലവർക്ക് കഴിയാത്തത് ഒരു പരിമിതിയായി .
നിർമ്മാല്യം മലയാളത്തിന് നൽകിയ വ്യത്യസ്തമാനങ്ങളുള്ള അതുല്യ കഥാപാത്രമാണ് വെളിച്ചപ്പാട്’ .പി.ജെ ആൻ്റണിയെന്ന അതുല്യ നടൻ അഭ്രപാളിയിൽ അവിസ്മരണീയമാക്കിയ ദൃശ്യാനുഭവം. വിശ്വാസമെന്ന മനുഷ്യൻ്റെ ഊന്നുവടിയുടെ നിരർത്ഥകതയെ പരോക്ഷമായി അടിവരയിടുന്ന കഥാപാത്രം. അവതരണത്തിൽ പുതുമയോടെ വെളിച്ചപ്പാട് അരങ്ങിലേക്ക് വന്നതും അരങ്ങിൽ ഒരമ്പലം നീറദീപ ശോഭയോടെ തെളിഞ്ഞുണർന്നതും നാടകത്തിൻ്റെ നവ്യാനുഭവമായി. ആത്മഗതങ്ങളിലൂടെ വെളിച്ചപ്പാടിൻ്റെ ആത്മനൊമ്പരങ്ങൾ അനുവാചകരിലെത്തി. അ
വർ അതേറ്റുവാങ്ങി നിശ്ശബ്ദരായി. ദൈവത്തിൻ്റെ പ്രതിപുരുഷനാണ് താനെന്ന അഹന്തയോടെ ഭക്തരുടെ വിനീത വിധേയത്വത്തെ ആസ്വദിച്ച് വീട്ടിലെത്തുന്ന വെളിച്ചപ്പാട് “തൻ്റെ നാലു മക്കളെ പെറ്റ നാരായണി “അനാദിക്കച്ചവടം നടത്തുന്ന അന്യമതക്കാരന് വിധേയപ്പെടുന്നത് കണ്ട് അടിമുടി തകരുന്നു. ഒരു ജീവിതകാലം പ്രതീകമായി ആടിയിട്ടും ഉറഞ്ഞ് തുള്ളിയിട്ടും ദേവി തന്നോട് നീതി കാണിച്ചില്ലല്ലോ എന്ന ചിന്തയിൽ മാറിയ കാലത്ത് ഒന്ന് കാറിത്തുപ്പാൻ പോലും കഴിയാത്ത നിസ്സഹായത, അതിൻ്റെ തീവ്രതയോട് കൂടിത്തന്നെ ശ്രീ അകം അശോകൻ അവതരിപ്പിച്ചു.
പക്ഷെ, അതിൻ്റെ പാരമ്യതയിലെത്തിയ ആസുരമായ നൃത്തച്ചുവടുകൾ ഭാവതീവ്രതയെ , അരങ്ങിൻ്റെ ഏകാഗ്രതയെ കെടുത്തിയ പോലെ തോന്നിച്ചു.
ഭ്രാന്തൻ വേലായുധൻ അടിമുടി ആസ്വാദകന് പുതുമ നൽകി. അമ്മുക്കുട്ടിയും വേലായുധേട്ടന് പ്രാന്താണെന്ന് പറയുന്നതോടെ സ്വയം അങ്ങനെയെന്ന് വിശ്വസിപ്പിച്ച് തറവാട്ടിലെത്തി. “എനിക്ക് പ്രാന്താണ്. എന്നെ ചങ്ങലയ്ക്കിടൂ….” എന്ന് നെഞ്ച് തകർന്ന് പറയുന്ന വേലായുധൻ’
സത്യൻ മുദ്ര അടിമുടി ഒരു നടനാണെന്ന് ഈ അനുഭവവും അടിവരയിടുന്നു. വേലായുധനെ ശിക്ഷിച്ച് നന്നാക്കാൻ ശ്രമിക്കുന്ന അച്ഛുതൻ നായർ അരങ്ങിൻ്റെ പരോക്ഷ സാമീപ്യമായിട്ടും ശക്തമായ നടന സാമീപ്യമായി. പക്ഷെ, ശിരോവസ്ത്രം ധരിച്ച സ്ത്രീസാമീപ്യം ഒഴിവാക്കാമായിരുന്നു എന്നും തോന്നി. അവർ പറയുന്നത് അല്ലാതെ തന്നെ പ്രേക്ഷകനെ തൊടുമായിരുന്നു. മാത്രവുല്ല ശിരോവസ്ത്രം പഴയ തറവാട്ടിലെ സ്ത്രീകൾ ധരിച്ചിരുന്നതായും അറിവില്ല.
എം.ടി എന്ന എഴുത്തുകാരൻ്റെ സർഗ്ഗാത്മകധീരതയെ ആവർത്തിച്ചവതരിപ്പിക്കുന്ന നോവലാണ് രണ്ടാമൂഴം. നായകനായ ഭീമസേനൻ മാത്രമല്ല ഇതിഹാസ കഥാപത്രങ്ങളെ എല്ലാം എം.ടിമാറ്റിയെഴുതുകയായിരുന്നു. ആംസിസ് തൻ്റെ കാഴ്ച്ചപ്പാടിലൂടെ ഭീമനെ നോക്കി
ക്കാണാനും അരങ്ങിൻ്റെ സാധ്യതകളിലേക്കാവാഹിക്കാനും ശ്രമിച്ചു. ഭീമനും ദ്രൗപതിയും വേദിയിൽ നിറഞ്ഞു. “ശത്രുദയ അർഹിക്കുന്നില്ല. മൃഗത്തെ വിട്ടുകളയാം പക്ഷെ മനുഷ്യന് വീണ്ടുമൊരവസരം നൽകിയാൽ അവൻ അജയ്യനായിതിരിച്ച് വരും ” എന്നത് ഭീമനെ സ്വന്തം ജീവി
തം പഠിപ്പിച്ച പാഠമാണ്.
ഒരു വേള ആർത്തലറിവിളിച്ച് യുദ്ധമുഖത്തേക്ക് പായുന്ന ഭീമൻ മികച്ച ദൃശ്യാനുഭവമായി. തൻ്റെ പതിറ്റാണ്ടുകളുടെ അരങ്ങനുഭവങ്ങൾ ഒരു നടനെ എങ്ങനെയൊക്കെ മികച്ച തലങ്ങളിലേക്ക് ഉയർത്തുമെന്നതിൻ്റെ നടന രൂപമാണ് പ്രദീപ് മുദ്ര. രണ്ടാമത്തെ ദിവസം അവതരിപ്പിക്കപ്പെട്ട “ഒരു കോയിക്കോടൻ ഹലുവ ” യിലെ അസാധ്യ പ്രകടനത്തിലൂടെ പ്രദീപ് മുദ്ര ഇത് ആവർത്തിച്ച് വെളിവാക്കി. തൻ്റെ ഉദ്ദേശ ശുദ്ധിയേയും നിഷ്കളങ്കതയേയും സംശയിച്ച സുഹൃത്തിൻ്റെ മുമ്പിൽ വിങ്ങിപ്പൊട്ടുന്ന ഉസ്മാനായി കാഴ്ചക്കാരുടെ കണ്ണ് നനയിച്ചു പ്രദീപൻ .ഞാനാകട്ടെ
…. സ്വയം മറന്ന്കരഞ്ഞു. അഭിനയത്തിലെ അനായാസത ,ഡയലോഗ് പ്രസൻ്റേഷനിലെ മിതത്വവും നിയന്ത്രണപാടവവും എടുത്ത് പറയേണ്ട
തുണ്ട്. പാണ്ട്യാലയിലെ ഹാജി, ചെക്ക് മാറാനെത്തിയ ഉസ്മാൻ …….രണ്ട് കഥാപാത്രങ്ങളേയും അദ്ദേഹം മികച്ചതാക്കി. മൊയ്തിനായി ശ്രീ.സത്യൻ മുദ്രയും ഒപ്പത്തിനൊപ്പം നിന്നു. ഇവർക്കിടയിലെഅതുല്യമായ രസതന്ത്രം നാട്ടുകാരായ ആസ്വാദകർക്ക് വിരുന്നൊരുക്കി. മനോജ് നാരായണൻ്റെ കൈപ്പുണ്യം എടുത്ത് പറയേണ്ടതുണ്ട്. അക്ബർ കക്കട്ടിലിൻ്റെ ഇത്തിരിപ്പോന്നൊരു കഥയ്ക്ക് ഈ വിധം സാധ്യത കണ്ടെത്തി മികച്ച നാടകരൂപം നൽകിയ സുരേഷ് ബാബു ശ്രീസ്തയ്ക്ക് പ്രത്യേകിച്ച് അഭിനന്ദനങ്ങൾ പറയട്ടെ.
ഭീമൻ്റെ സഹജമായ അസംതൃപ്തികളും അസ്വസ്ഥതകളും പ്രദീപ് മുദ്ര അനായാസേന അവതരിപ്പിച്ചു. ഒടുവിൽ മഹാപ്രസ്ഥാന വേളയിൽ
“സ്നേഹിച്ചവളെ വഴിയിലുപേക്ഷിച്ച് പോകാൻ ഈ ഭീമനാവില്ല. “എന്ന് ആത്മഗതം ചെയ്യുമ്പോൾ ഭീമൻ മറ്റൊരു ഐതിഹാസിക മാനം നേടുകയാണ്. എം.ടിയുടെ സ്ത്രീ കഥാപാത്രങ്ങളുടെ ശക്തി സൗന്ദര്യങ്ങളെ വേണ്ടത്ര സ്വാംശീകരിക്കാൻ ഈ നാടക രചനയ്ക്ക് സാധ്യമായിട്ടില്ല. നാലുകെട്ടിലെ പാറുക്കുട്ടിയും മാതൃഭാവങ്ങടെ വിരുദ്ധ വികാരങ്ങളെ ഉള്ളിലൊതുക്കി പാണ്ഡവ മാതാവായ കുന്തിയും നാടകകൃത്തിൻ്റെ
പരിഗണനയ്ക്കായി കാത്തിരിക്കുകയാവാം. ബാപ്പുട്ടിയുടെ ഭഗ്ന പ്രണയം വർണ്ണാഭമായി അവതരിപ്പിക്കപ്പെട്ടു. പശ്ചാത്തലമാവേണ്ട പാട്ട് മുമ്പിലേക്ക് കടന്ന് നിന്ന് കഥാപാത്രങ്ങളെ അപ്രസക്തരാക്കുന്ന ഫീലിംഗ് ഇവിടെയും അനുഭവപ്പെട്ടു. ഒടുവിലത്തെ അന്ത്യ യാത്ര നൊമ്പരമാവുന്നുണ്ട്.
സാങ്കേതിക മികവ്, ഗാനങ്ങൾ, എന്നീ ഘടകങ്ങൾ കൂടി പരിഗണിക്കുമ്പോൾ എം.ടി എഴുത്തിൻ്റെ ആത്മാവ് ആസ്വാദകർക്ക്അ വിസ്മരണീയാനുഭവമായി. രമേശ് കാവിൽ രചിച്ച “ഗന്ധമാദനഗിരിയിലൂടൊരു … “എന്ന് തുടങ്ങുന്ന ഗാനം നാടക ഗാത്രത്തോട് കൂടുതൽ ചേർന്നുനിൽക്കുന്നു. കോഴിക്കോടിൻ്റെ പുകൾ പാടുന്ന അജയൻ എഴുതിയ പാട്ടുകളും ആസ്വാദ്യമായി.
അരങ്ങനുഭവങ്ങൾ – മനോജ് രാമത്ത്