തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക നാളെ (ജൂലൈ 23) പ്രസിദ്ധീകരിക്കും. അന്തിമ വോട്ടർപട്ടിക ആഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു.
2020ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷം നിലവിലുണ്ടായിരുന്ന വോട്ടർപട്ടിക 2023 ഒക്ടോബറിലും 2024 ജൂലൈയിലും സമ്മറി റിവിഷൻ നടത്തിയിരുന്നു. 2023 ഒക്ടോബറിലെ കരടിൽ 2,76,70,536 വോട്ടർമാരാണുണ്ടായിരുന്നത്. പട്ടികയിൽ പുതുതായി 57,640 പേരെ ചേർക്കുകയും മരണപ്പെട്ടതോ, സ്ഥലം മാറി പോയതോ, ഇരട്ടിപ്പ് ഉള്ളതോ ആയ 8,76,879 അനർഹരെ ഒഴിവാക്കുകയും ചെയ്തിരുന്നു. അന്തിമപട്ടികയിൽ ആകെ 2,68,51,297 പേരുണ്ടായിരുന്നു. ഇതിനെതുടർന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന വാർഡുകളിൽ അതിനായി പട്ടിക പുതുക്കിയിരുന്നു.
2024 ജൂലൈയിൽ പുതുക്കിയ കരട് വോട്ടർപട്ടികയിൽ 2,68,57,023 വോട്ടർമാരാണുണ്ടായിരുന്നത്. 2,68,907 പേരെ പുതുതായി ചേർക്കുകയും അനർഹരായ 4,52,951 പേരെ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. 2024 ജൂലൈയിൽ പ്രസിദ്ധീകരിച്ച അന്തിമവോട്ടർപട്ടികയിൽ ആകെ 2,66,72,979 വോട്ടർമാരാണുണ്ടായിരുന്നത്. ഉപതിരഞ്ഞെടുപ്പ് നടന്ന വാർഡുകളിൽ അതിനുശേഷം പട്ടിക പുതുക്കിയിരുന്നു.
കരട് വോട്ടർപട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ് സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും. ആഗസ്റ്റ് 7 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാകും. 2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാം.