അഭിപ്രായ സ്ഥൈര്യവും പോരാട്ട വീര്യവുമുള്ള ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെയാണ് വി.എസ്. അച്ചുതാനന്ദൻ്റെ നിര്യാണത്തോടെ നഷ്ടമായത്. ഇല്ലായ്മയിൽ നിന്ന് വളർന്ന്, ചെറിയ പ്രായത്തിൽ തന്നെ തൊഴിലാളികളുടെയും സാധാരണക്കാരുടെയും ജീവൽ പ്രശ്നങ്ങൾ ഉയർത്തി മുന്നോട്ടു പോയ വി.എസ്. അച്ചുതാനന്ദൻ്റെ പൊതു ജീവിതം, രാഷ്ട്രീയ വിദ്യാർത്ഥികളിൽ കൗതുകം ഉണ്ടാക്കുന്നതാണ്. സി.പി.എം. നിലപാടുകളിൽ ശക്തമായ വിയോജിപ്പുകൾ ഞാൻ രേഖപ്പെടുത്തിയ സന്ദർഭങ്ങളിൽ പോലും വി.എസ്. ഒട്ടും പരിഭവം കാണിച്ചില്ല. കേന്ദ്രത്തിൽ ആഭ്യന്തര സഹമന്ത്രിയായ കാലത്ത് സുപ്രധാന വിഷയങ്ങളുമായി ബന്ധപ്പെട്ട് ഞങ്ങൾ ചിലഘട്ടങ്ങളിൽ പരസ്പരം വിളിക്കാറുണ്ടായിരുന്നു. അർഹിക്കുന്ന ഗൗരവത്തോടെ ആ പ്രശ്നങ്ങൾ ഞാൻ കൈകാര്യം ചെയ്തിട്ടുണ്ട്.
നാദാപുരത്ത് ബി.എസ്.എഫ്. ബറ്റാലിയാൻ സ്ഥാപിക്കാൻ അരീക്കര കുന്നിൽ സ്ഥലം അനുവദിക്കുന്ന കാര്യത്തിൽ എന്നോട് പൂർണ്ണമായും സഹകരിച്ച രണ്ടു പേരായിരുന്നു വി.എസും അന്ന് കേരളത്തിലെ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനും. പ്രശ്നം വി.എസ്. ൻ്റെ മുമ്പിൽ അവതരിപ്പിച്ചപ്പോൾ, പല സംശയങ്ങൾക്കും അദ്ദേഹം ദൂരീകരണം ആവശ്യപ്പെട്ടു. ഞാൻ തൃപ്തികരമായി മറുപടി നൽകിയ ശേഷം ധൈര്യമായി മുന്നോട്ട് പോകാൻ പറയുകയായിരുന്നു.
കടുത്ത കോൺഗ്രസ്സ് വിരുദ്ധ നേതാവായിട്ടും അദ്ദേഹം എൻ്റെ പല നിലപാടുകളെക്കുറിച്ചും ഉള്ളു തുറന്ന് തൻ്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങളിൽ വി.എസ്. സ്വീകരിച്ച ഇടപെടലുകൾ സി.പി.എമ്മിൽ തന്നെ ശക്തമായ എതിർപ്പുണ്ടായിട്ടു പോലും ഒരിഞ്ച് പിറകോട്ടില്ല എന്ന നിലയിൽ വി.എസ്. മുന്നോട്ടു പോയപ്പോൾ ബഹുമാനം തോന്നി.
അഴിമതിക്കെതിരെ അദ്ദേഹം നടത്തിയ നിയമ പോരാട്ടങ്ങൾ, നിലപാടുകൾ, അത്ര പെട്ടന്ന് മറക്കാൻ കഴിയില്ല. ടി.പി. ചന്ദ്രശേഖരൻ്റ നിഷ്ഠൂര വധത്തിൽ ശക്തമായ അമർഷവും പ്രതിഷേധവും വി.എസ്. രേഖപ്പെടുത്തി. പാർട്ടി നിലപാട് പാടെ തള്ളിക്കളഞ്ഞ്, വടകരയിലെത്തി കെ.കെ. രമയെ സമാശ്വസിപ്പിച്ച വി.എസ്, വ്യത്യസ്തനായ കമ്മ്യൂണിസ്റ്റായി മാറുകയായിരുന്നു.
പി കൃഷ്ണപിള്ളയെ രാഷ്ട്രീയ ഗുരുവായി കണ്ട വി. എസ്. എല്ലാ അർത്ഥത്തിലും വിഭിന്നനായ ഒരു കമ്മ്യൂണിസ്റ്റായി മാറി. ഏഴാം ക്ലാസ് വരെ മാത്രം പഠിച്ച വി. എസ്. ൻ്റെ പ്രധാന പഠന കേന്ദ്രം തൊഴിലാളികളുടെയും സാധാരണക്കാരുടെയും ഇടയിലായിരുന്നു. ഉന്നതവിദ്യാഭ്യാസമോ ഉപരി പഠനമോ നടത്താൻ കഴിഞ്ഞില്ലെങ്കിൽ പോലും അസാമാന്യമായ വിശേഷ ബുദ്ധിയുള്ള ഭരണാധികാരിയാണ് വി.എസ്. എന്ന് എനിക്ക് നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസ്സിനോട് ഒരിക്കലും മൃദുസമീപനം സ്വീകരിക്കാത്ത കർക്കശക്കാരനായ കമ്മ്യൂണിസ്റ്റായിരുന്നു വി. എസ്. എങ്കിലും അദ്ദേഹത്തിൻ്റെ അഴിമതിവിരുദ്ധ നിലപാടുകൾ ശ്രദ്ധേയമായിരുന്നു.