ഇരുവഴഞ്ഞി പുഴയിലെ കുത്തിയൊലിച്ചുവരുന്ന ഓളങ്ങളിലൂടെയുള്ള റാഫ്റ്റിംഗിൽ ആവേശത്തോടെ പങ്കുചേർന്ന് ലിന്റോ ജോസഫ് എംഎൽഎയും ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്ങും. കുറുങ്കയത്തുനിന്ന് ആരംഭിച്ച റിവർ റാഫ്റ്റിംഗ് എലന്ത് കടവും പള്ളിപ്പടിയും കടന്ന് കുമ്പിടാൻ കയത്തിലാണ് അവസാനിച്ചത്. കൂറ്റൻ പാറക്കല്ലുകളെയും ആറ്റുവഞ്ചിചെടികളെയും ഒഴുക്കിനെയും ഭേദിച്ച് ആറ് പേരടങ്ങിയ സംഘം നാല് കിലോമീറ്റർ ദൂരമാണ് റാഫ്റ്റ് ചെയ്തത്.
ജൂലൈ 24 മുതല്‍ 27 വരെ തുഷാരഗിരിയില്‍ ചാലിപ്പുഴയിലും ഇരുവഴഞ്ഞിപ്പുഴയിലും നടക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ പതിനൊന്നാം പതിപ്പിന്റെ ഭാഗമായാണ് തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറയിൽ റാഫ്റ്റിംഗ് സംഘടിപ്പിച്ചത്. പാഡ്ൽ മോങ്ക് അഡ്വഞ്ചർ കമ്പനിയാണ് റഫ്റ്റിംഗിനുള്ള സൗകര്യങ്ങൾ ഒരുക്കിയത്.
കേരളത്തിലെ ഏറ്റവും ശുദ്ധമായ നദികളിൽ ഒന്നായ ഇരുവഴഞ്ഞി പുഴയിൽ നടക്കുന്ന റാഫ്റ്റിംഗ് മികച്ച അനുഭവമാണ് സമ്മാനിക്കുന്നതെന്ന് ലിന്റോ ജോസഫ് എംഎൽഎ പറഞ്ഞു.
കേരള ടൂറിസത്തെ സംബന്ധിച്ച് പ്രധാന ഇവന്റുകളിൽ ഒന്നാണ് മലബാർ റിവർ ഫെസ്റ്റിവലെന്നും ഇതിന്റെ ഭാഗമായ റിവർ റാഫ്റ്റ് വ്യത്യസ്തമായ അനുഭമാണ് സമ്മാനിക്കുന്നതെന്നും ഇത് ജനകീയമാക്കാൻ സാധിക്കണമെന്നും ജില്ലാ കലക്ടർ പറഞ്ഞു.
പ്രീ ഇവന്റുകളുടെ ഭാഗമായ സൈക്ലിങ്ങും ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കോഴിക്കോട് നിന്നും അരീക്കോട് നിന്നും ആരംഭിച്ച സൈക്കിൾ റാലികൾ പുലിക്കയത്ത് അവസാനിച്ചു.
തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പൻപുഴയിൽനിന്ന് വെള്ളരിമല ഒലിച്ചു ചാട്ടത്തിലേക്കുള്ള മഴ നടത്തവും എംഎൽഎയും ജില്ലാ കലക്ടറും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, അഡ്വഞ്ചർ ടൂറിസം പ്രോജക്ട് സിഇഒ ബിനു കുര്യാക്കോസ്, ഡിടിപിസി തുഷാരഗിരി മാനേജർ ഷെല്ലി മാത്യു, സംഘാടക സമിതി അംഗങ്ങളായ സിഎസ് ശരത്, എംഎസ് ഷെജിൻ, ഷിജി അന്റണി, പോൾസൺ അറക്കൽ എന്നിവർ പരിപാടികളുടെ ഭാഗമായി.
റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി ഇന്ന് (ജൂലൈ 21) രാവിലെ 9.30ന് വയനാട് ചുരം ഗ്രീൻ ബ്രിഗേഡിന്റെ നേതൃത്വത്തിൽ ചുരം മഴയാത്ര സംഘടിപ്പിക്കും. ലക്കിടിയിൽ നിന്നാരംഭിച്ച് നാലാം വളവിൽ അവസാനിക്കുന്ന രീതിയിലാണ് യാത്ര. പരിപാടി ലിന്റോ ജോസഫ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യും.