മദ്യപിച്ച് വാഹനമോടിക്കുന്നു എന്ന് സംശയിക്കുന്നവരെ ബ്രിത്ത് അനലൈസർ പരിശോധനയ്ക്ക് വിധേയമാക്കും മുമ്പ് ‘എയർ ബ്ലാങ്ക് ടെസ്റ്റ്’ നിർബന്ധമായും നടത്തണമെന്ന് ഹൈക്കോടതി. ഉപകരണത്തിൽ ‘0.000’ റീഡിങ് കാണിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി ഡിജിപിക്ക് നിർദേശം നൽകി. മുൻ പരിശോധനകളിൽ നിന്ന് മദ്യത്തിൻ്റെ അംശം അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ബ്ലാങ്ക് ടെസ്റ്റിൻ്റെ പ്രധാന ലക്ഷ്യം.
ഒരു വ്യക്തിയുടെ ശ്വാസ സാമ്പിൾ എടുക്കും മുൻപ് എയർ ബ്ലാങ്ക് ടെസ്റ്റ് നടത്തണം. ഉപകരണത്തിൻ്റെ കാലിബറേഷൻ ‘പൂജ്യത്തിൽ’ ആണെന്ന് ഉറപ്പാക്കുകയും വേണം. മധുരം കൂടുതലുള്ള പഴങ്ങൾ കഴിച്ച പലർക്കും അടുത്തിടെ ബ്രീത്ത് അനലൈസർ പരിശോധനയിൽ തെറ്റായ ഫലം ലഭിച്ചിരുന്നു. ഇത് നിയമപ്രശ്നങ്ങൾക്ക് കാരണമായിരുന്നു.
അത്തരത്തിലുള്ള പല തർക്കങ്ങൾക്കും എയർ ബ്ലാങ്ക് ടെസ്റ്റ് നടത്തുന്നതിലൂടെ പരിഹാരമാവുമെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഡ്വ. ഫഹിം അഹ്സൻ പറഞ്ഞു. ബ്രീത്ത് അനലൈസർ പരിശോധനയിൽ കൃത്യമായ മാനദണ്ഡം പുറത്തിറക്കാനും എയർ ബ്ലാങ്ക് ടെസ്റ്റ് ഉറപ്പാക്കാനും കോടതി ഉത്തരവ് സഹായകമാകും. എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും അടിയന്തര സന്ദേശം കൈമാറാനും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.