ദുബൈ: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കൊല്ലം കോയിവിള സ്വദേശിനി അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സതീഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ദുബൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ സൈറ്റ് എഞ്ചിനീയറായിരുന്ന സതീഷിന് ഇന്ന് കമ്പനി രേഖാമൂലം പിരിച്ചുവിടൽ കത്ത് നൽകി. ഒരു വർഷം മുൻപാണ് സതീഷ് ഈ കമ്പനിയിൽ ജോലിക്ക് പ്രവേശിച്ചത്. അതുല്യയുടെ ബന്ധുക്കൾ നൽകിയ പരാതികളും സതീഷിന്റെ അക്രമാസക്തമായ വീഡിയോകളും പരിഗണിച്ചാണ് കമ്പനിയുടെ നടപടിയെന്ന് അധികൃതർ അറിയിച്ചു.
അതേസമയം അതുല്യയുടെ മരണം കൊലപാതകമാണെന്ന് കാട്ടി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിന് ഇന്ന് പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു. അതുല്യയുടെ ഭർത്താവ് സതീശിനെതിരെ ചവറ തെക്കുംഭാഗം പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ വിവരങ്ങളും മുൻപുണ്ടായ ഗാർഹിക പീഡന കേസിന്റെ വിവരങ്ങളും കുടുംബം കോൺസുലേറ്റിന് കൈമാറും.