പേരാമ്പ്രയിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ വിദ്യാർഥി മരിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം. യൂത്ത്കോൺഗ്രസ് പ്രതിഷേധത്തിനിടെ പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. യൂത്ത് ലീഗ് പ്രവർത്തകരും വിദ്യാർഥി സംഘടനകളും പ്രതിഷേധവുമായെത്തി. റീത്തുമായി കുത്തിയിരുന്ന് റോഡുപരോധിച്ചായിരുന്നു പ്രതിഷേധം. പൊലീസ് ജീപ്പിന് മുകളിലും റീത്ത് വെച്ച് പ്രതിഷേധിക്കാൻ ശ്രമം നടന്നു. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു. അതിനിടെ, സംഘർഷത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തവരെ നാട്ടുകാർ ബലം പ്രയോഗിച്ച് മോചിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
അപകടത്തിന് പിന്നാലെ പൊലീസ് കേസെടുത്തുവെങ്കിലും എഫ്.ഐ.ആറിൽ സ്വകാര്യ ബസിന്റെയോ ഡ്രൈവറുടെയോ പേരുകൾ പരാമർശിച്ചിട്ടില്ല എന്നാണ് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരുടെ ആരോപണം.