കൊയിലാണ്ടി: ജൂലായ് 22 മുതൽ ഒരു വിഭാഗം സ്വകാര്യ ബസ്സുടമകൾ പ്രഖ്യാപിച്ച അനിശ്ചിത കാല സമരത്തിൽ പങ്കെടുക്കില്ലെന്ന് ഓൾ കേരള ബസ്സ് ഓപറേറ്റേഴ്സ് ഫോറം തീരുമാനിച്ചു. ഈ സാഹചര്യത്തിൽ 22 മുതൽ കൊയിലാണ്ടി താലൂക്കിലെ ഭൂരിഭാഗം സ്വകാര്യ ബസ്സുകളും സർവ്വീസ് നടത്തുമെന്ന് ഫോറം നേതാക്കളായ എം.കെ സുരേഷ്ബാബു,പാറക്കൽ അബു ഹാജി, അരീക്കൽ സജീവൻ, ആകാശ് അലി, നവാസ് മദീന, ബാബു വിനായക എന്നിവർ അറിയിച്ചു. കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് മന്ത്രിയുമായി സംഘടനാ ഭാരവാഹികൾ ചർച്ച നടത്തുകയുണ്ടായി. ബസ്സുടമകളുടെ ന്യായമായ ആവശ്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്നും എത്രയും പെട്ടെന്ന് ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്നും ഉറപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ഒരു അനിശ്ചിത കാല സമരം നടത്തി പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു.
