വീട്ടിൽ സൂക്ഷിച്ച 20 ലക്ഷത്തോളം രൂപയുടെ ആഭരണങ്ങൾ കാണാനില്ലെന്ന പരാതിയിൽ വീട്ടുജോലിക്കാരിയെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി പന്തലായനി പുത്തലത്ത് മീത്തൽ വീട്ടിൽ ഉഷയെയാണ് നടക്കാവ് എസ്ഐ എൻ.സാബുനാഥ് അറസ്റ്റ് ചെയ്തത്. 8 വർഷമായി സിവിൽ സ്റ്റേഷനു സമീപം ചാലിക്കര റോഡിലെ കറ്റയാർ നിലത്തെ സ്മിത നായിക്കിന്റെ വീട്ടിലെ ജോലിക്കാരിയാണ്.
വീട്ടിൽ അലമാരയിലും അറയിലും മുറിയിലെ പെട്ടിയിലും സൂക്ഷിച്ച ആഭരണം കാണാതായപ്പോൾ സ്മിത നായിക് നടക്കാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം വീട്ടുകാർ എറണാകുളത്തേക്കു പോകുമ്പോൾ കുറച്ച് ആഭരണം അലമാരയിൽ നിന്നു മാറ്റി വച്ചിരുന്നു. തിരിച്ചു വന്നപ്പോൾ ഇവ കാണാതായതായി വീട്ടുടമ പൊലീസിനോട് പറഞ്ഞു. വിശദ പരിശോധനയിലാണ് 10 പവന്റെ താലിമാല ഉൾപ്പെടെ 24 പവൻ സ്വർണാഭരണം നഷ്ടപ്പെട്ടതായി അറിയുന്നത്.