ബാലുശ്ശേരി ഭക്ഷ്യസംസ്‌കരണ-പോഷകാഹാര കേന്ദ്രത്തിന്റെ നവീകരണത്തിന് വഴിയൊരുങ്ങുന്നു. ഗ്രാമവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കൈമാറിയതോടെയാണ് കൂടുതല്‍ വികസന പ്രവര്‍ത്തങ്ങള്‍ക്ക് സാധ്യത തെളിഞ്ഞത്.
ദക്ഷിണേന്ത്യയിലെ ആദ്യ ഭക്ഷ്യ സംസ്‌കരണ-പോഷകാഹാര കേന്ദ്രമാണ് ബാലുശ്ശേരിയിലേത്. 1982ല്‍ യുനിസെഫിന്റെ സഹായത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഇതാരംഭിച്ചത്. 1988ല്‍ സംസ്ഥാന ഗ്രാമവികസന വകുപ്പിന് വിട്ടുനല്‍കി. വിളവെടുപ്പിന് ശേഷം ഭക്ഷ്യധാന്യങ്ങള്‍ സംസ്‌കരിച്ചെടുക്കുന്നതിനും മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി വിപണനം നടത്തി വരുമാനം കണ്ടെത്തുന്നതിനും ഗ്രാമീണ ജനതയെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം ആരംഭിച്ചത്. ബേക്കറി പലഹാരങ്ങള്‍, പഴങ്ങള്‍ ഉപയോഗിച്ച് ജാം, സ്‌ക്വാഷ് എന്നിവ നിര്‍മിക്കുന്നതിലാണ് ഇവിടെ പരിശീലനം നല്‍കുന്നത്.
ഇവിടെനിന്ന് പരിശീലനം നേടിയവര്‍ കേന്ദ്രത്തിലെ സംസ്‌കരണ സംവിധാനം ഉപയോഗിച്ച് ഉല്‍പന്നങ്ങള്‍ തയാറാക്കി വിപണനം നടത്തുന്നുണ്ട്.
സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ കഴിയുംവിധം കേന്ദ്രത്തെ വികസിപ്പിക്കാനാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. കെഎം സച്ചിന്‍ദേവ് എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത എന്നിവരുടെ ശ്രമഫലമായാണ് ഭക്ഷ്യസംസ്‌കരണ-പോഷകാഹാര കേന്ദ്രത്തിന്റെ ചുമതല ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചത്.