സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ശരീരത്തിൽ ഏറ്റ മർദനമാണ് മരണ കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തതാണെന്ന മുഖ്യപ്രതി നൗഷാദിൻ്റെ വാദങ്ങൾ പൂർണമായി തള്ളുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഉള്ളത്.
റിയൽ എസ്റ്റേറ്റ് ഇടനിലക്കാരനായ വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി തമിഴ്‌നാട്ടിലെ വനത്തിൽ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിലാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നത്. നിലവിൽ ഹേമചന്ദ്രൻ്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഡി.എൻ.എ പരിശോധന ഫലം പുറത്തുവന്നാൽ മാത്രമേ കൊല്ലപ്പെട്ടത് ഹേമചന്ദ്രൻ ആണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാനാവൂ. രണ്ടുദിവസത്തിനകം ഡി.എൻ.എ പരിശോധന ഫലം പുറത്തുവരും എന്നാണ് പൊലീസ് അന്വേഷണസംഘം നൽകുന്ന സൂചന.