കോട്ടയം പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി സ്മൃതിസംഗമം ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്‌ഘാടനം ചെയ്തു. ജനങ്ങളുടെ വികാരം മനസ്സിലാക്കി പ്രവര്ത്തിച്ചിരുന്ന രാഷ്ട്രീയ നേതാവായിരുന്നു ഉമ്മന്ചാണ്ടിയെന്ന് ലോകസ്ഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി. സ്വന്തം ആരോഗ്യംപോലും വകവക്കാതെ ജനങ്ങള്ക്ക് വേണ്ടി ജീവിതം മാറ്റിവച്ച നേതാവായിരുന്നു ഉമ്മന്ചാണ്ടി. അത്തരം നേതാക്കള് കൂടുതലായി രാഷ്ട്രീയത്തിലേക്ക് വരണമെന്നും രാഹുല്ഗാന്ധി പറഞ്ഞു.
മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയുടെ രണ്ടാം ചരമവാര്ഷികത്തോട് അനുബന്ധിച്ച് കെപിസിസിയുടെ നേതൃത്വത്തില് നടത്തുന്ന ഉമ്മന്ചാണ്ടി സ്മൃതി സംഗമം പുതുപ്പള്ളിയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു രാഹുല്ഗാന്ധി. പുതുപ്പള്ളി സെന്റ് ജോര്ജ്ജ് പള്ളിയിലെ ഉമ്മന്ചാണ്ടിയുടെ കബറിടത്തില് പുഷ്പാര്ച്ചനയും നടത്തി. ഉമ്മന്ചാണ്ടി ഫൗണ്ടേഷന് നിര്മ്മിച്ച് നല്കുന്ന 12 വീടുകളുടെ താക്കോല് ദാനവും കെപിസിസിയുടെ ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടനവും രാഹുല് ഗാന്ധി നിര്വഹിച്ചു .