ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തില്‍ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന 13-ാമത് വേദസപ്താഹത്തിന് വേദമഹാമന്ദിരത്തില്‍ തുടക്കമായി. ആചാര്യശ്രീ രാജേഷ് ധ്വജമുയര്‍ത്തി വേദസപ്താഹം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഗണപതിപൂജ, പുണ്യാഹവാചനം, സംഹിതാഹവന സങ്കല്പം, ഋത്വിഗ്വരണം, കലശപ്രതിഷ്ഠ, നവഗ്രഹഹവനം, മഹാഗണപതിഹവനം എന്നീ ചടങ്ങുകള്‍ നടന്നു.
യജുര്‍വേദത്തെ ആദ്യം മുതല്‍ പാരമ്പര്യരീതിയില്‍ പാരായണം ചെയ്യുന്ന മുറജപത്തിനും തുടക്കമായി. മുറജപത്തോടൊപ്പം മാനസിക ഐക്യത്തിനായുള്ള സംഗ്രഹണീഷ്ടിയാണ് ഇന്ന് നടന്ന ഇഷ്ടി. ഉച്ചയ്ക്ക് ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തില്‍ ജ്ഞാനയജ്ഞം നടന്നു. പാതഞ്ജലയോഗത്തെ പ്രായോഗികജീവിതത്തില്‍ എന്തിന്, എങ്ങനെ നടപ്പിലാക്കണം എന്നതിനെക്കുറിച്ചായിരുന്നു ജ്ഞാനയജ്ഞം. നിത്യജീവിതത്തില്‍ യമം, നിയമം, പ്രാണായാമം എന്നിവയുടെ പ്രയോഗത്തെക്കുറിച്ച് ഉദാഹരണങ്ങളുടെ വെളിച്ചത്തില്‍ ആചാര്യശ്രീ രാജേഷ് വിശദമാക്കി. നാളെ മുറജപത്തോടൊപ്പം പാപപരിഹാരത്തിനായുള്ള മൃഗാരീഷ്ടിയാണ് വിശേഷമായി നടക്കുക. ഉച്ചയ്ക്ക് 12 മണിക്ക് ആചാര്യശ്രീ രാജേഷ് നയിക്കുന്ന ജ്ഞാനയജ്ഞവും നടക്കും.