പ്രശസ്‌ത ആർക്കിടെക്ട് ആർ.കെ.രമേഷ് (79) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 11.30 ന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ. കോഴിക്കോട്ടെ ശ്രദ്ധേയമായ പല നിർമിതികൾക്ക് പിന്നിലും രമേഷിന്റെ കയ്യൊപ്പ് കാണാം. മാനാഞ്ചിറ ചത്വരം, ബീച്ച് നവീകരണത്തിന്റെ ആദ്യ ഘട്ടം, കോർപ്പറേഷൻ സ്റ്റേഡിയം രണ്ടാം ഘട്ടം, സരോവരം പാർക്ക്, ബേബി മെമ്മോറിയൽ ആശുപത്രി അങ്ങനെ അത് നീളുന്നു. പരിസ്ഥിതിയോട് ചേർന്നുനിൽകുന്ന രൂപകൽപനയാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.
കേരള സർവകലാശാലയിൽ നിന്ന് ആർക്കിടെക്ചർ ബിരുദം നേടിയ അദ്ദേഹം 55 വർഷത്തിലേറെയായി കോഴിക്കോട് കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചുവന്നത്. ഷെൽട്ടർ – ഗൈഡൻസ് സെന്റർ ഫോർ കോസ്റ്റ് എഫക്റ്റീവ് സിസ്റ്റംസ് ഓഫ് കൺസ്ട്രക്‌ഷൻ ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമാണ്. ചെലവു കുറഞ്ഞ നിർമ്മാണത്തിനുള്ള സൗജന്യ ഉപദേശങ്ങൾ നൽകുന്ന ചാരിറ്റബിൾ സൊസൈറ്റിയായ ‘ഭവന’ത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു.
2010-ൽ ‘നിർമാൺ പ്രതിഭ’ പുരസ്കാരം ലഭിച്ചു. 1989-ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റിന്റെ ആദ്യത്തെ ദേശീയ വാസ്തുവിദ്യാ പുരസ്‌കാരം നേടി. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റ്സിന്റെ ചെലവു കുറഞ്ഞ വീടുകൾക്കുള്ള മികവിനുള്ള പുരസ്കാരം, കേരള സർക്കാർ സ്പോൺസർ ചെയ്യുന്ന ഓൾ ഇന്ത്യ ലോ കോസ്റ്റ് ഹൗസിങ് മത്സരത്തിൽ ഒന്നാം സമ്മാനം. 2004-ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റ്സിന്റെ ദക്ഷിണ മേഖലാ സമ്മേളനത്തിൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ നേടി.