മഴ ശക്തമായ സാഹചര്യത്തിൽ ചുരം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നിർദ്ദേശം നൽകി. അത്യാവശ്യ വാഹനങ്ങൾക്കു മാത്രമേ ചുരം റോഡിൽ പ്രവേശനം അനുവദിക്കൂ. ഭാരം കൂടിയ വാഹനങ്ങൾ കടത്തിവിടില്ല. പ്രദേശത്ത് പോലിസ് പട്രോളിംഗ് ശക്തിപ്പെടുത്താനും ജില്ലാ കലക്ടർ നിർദ്ദേശം നൽകി.
അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് പൂർണ സജ്ജരായിരിക്കാൻ ഫയർ ആൻ്റ് റെസ്ക്യു, കെ എസ് ഇ ബി തുടങ്ങിയ വിഭാഗങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. കാലവർഷക്കെടുതികൾക്ക് സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിന് വില്ലേജ് ഓഫീസർമാർക്കും നിർദ്ദേശം നൽകി.