നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവെച്ചതിന് പിന്നാലെ പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ. നീതി നടപ്പാക്കുന്നത് വരെ മുന്നോട്ടെന്നും ഒത്തുതീർപ്പ് നീക്കങ്ങൾ അംഗീകരിക്കില്ലെന്നും സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി ഫെയ്‌സ്ബുക്കിൽ കുറിച്ചു. വധശിക്ഷ മാറ്റിവെക്കുമെന്ന് പ്രതീക്ഷിച്ചില്ല. വധശിക്ഷ ലഭിക്കുന്നതുവരെ കേസിൽ നിന്ന് പിന്മാറില്ല. സത്യം മറക്കില്ലെന്നും എത്രകാലം വൈകിയാലും കുറ്റകൃത്യത്തിനുള്ള ശിക്ഷ നടപ്പിലാകുമെന്നും സഹോദരൻ കുറിച്ചു. കാലതാമസം തങ്ങളുടെ മനസിലെ മാറ്റില്ലെന്നാണ് ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറയുന്നത്. എത്രസമയമെടുത്താലും പ്രതികാരം ചെയ്യുമെന്നും കുറിപ്പിൽ പറയുന്നു.
വധശിക്ഷ വരെ തങ്ങൾ മുന്നോട്ടുപോകുമെന്നും തലാലിന്റെ സഹോദരൻ പറയുന്നു. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിൽ തലാലിന്റെ കുടുംബത്തിന് വിയോജിപ്പുകൾ ഉണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. തലാലിന്റെ കുടുബത്തിന്റെ എതിർപ്പ് മറികടന്ന് വടക്കൻ യെമൻ പ്രസിഡന്റ് വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെയ്ക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് തലാലിന്റെ സഹോദരന്റെ അറബിയിലുള്ള ഫേസ്ബുക്ക് കുറിപ്പ്.