രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ നാല് വര്‍ഷം കൊണ്ട് 2,23,000 പട്ടയങ്ങള്‍ വിതരണം ചെയ്തതായി റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍. സംസ്ഥാന സര്‍ക്കാറിന്റെ ഭൂരഹിതരില്ലാത്ത നവകേരളത്തിനായി ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ ലക്ഷ്യത്തിന്റെ ഭാഗമായി ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ നടന്ന കൊയിലാണ്ടി-വടകര താലൂക്ക് പട്ടയമേള ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിരവധി പട്ടയപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചതായും ഭൂരഹിതരില്ലാത്ത കേരളം കെട്ടിപ്പെടുക്കാനുള്ള ശ്രമത്തിലൂടെ പരമാവധി മനുഷ്യരെ ഭൂമിയുടെ ഉടമകളാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊയിലാണ്ടി പഞ്ചായത്തില്‍ 165, വടകര 110, കുറ്റ്യാടി 134, നാദാപുരം 125, പേരാമ്പ്ര 126, ബാലുശ്ശേരി 40 പട്ടയങ്ങള്‍ എന്നിങ്ങനെ 700 പട്ടയങ്ങളാണ് മേളയില്‍ വിതരണം ചെയ്തത്. കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, പയ്യോളി നഗരസഭ ചെയര്‍പേഴ്‌സണ്‍ വി കെ അബ്ദുറഹിമാന്‍, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന, വൈസ് പ്രസിഡന്റ് എം ശ്രീലത, ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നെല്ലിയോട്ടുമ്മല്‍ ഹമീദ്, കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് ഒ കെ അമ്മദ്, കൗണ്‍സിലര്‍ മുഹമ്മദ് അഷ്‌റഫ്, വടകര ആര്‍ഡിഒ അന്‍വര്‍ സാദത്ത്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.