ചിങ്ങപുരം: നാടിന് നന്മയുടെ നല്ല പാഠം പകർന്ന ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് വന്മുകം എളമ്പിലാട് എം.എൽ.പി. സ്കൂളിന് ശനിയാഴ്ച നടക്കാവ് ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് മലയാള മനോരമ നല്ലപാഠം ഫുൾ പ്ലസ് പുരസ്കാരത്തോടൊപ്പം ലഭിച്ച 5000 രൂപ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനാവുന്ന മൂടാടി പട്ടേരി താഴെ കുനി ശരത്ത് ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി.
കഴിഞ്ഞ അധ്യയന വർഷത്തിൽ നടത്തിയ നിരവധിയായ നന്മ പ്രവർത്തനങ്ങൾക്ക് ലഭിച്ച തുക നന്മയുടെ വഴിയിൽ തന്നെ ചെലവഴിക്കാൻ നല്ലപാഠം അംഗങ്ങൾ തീരുമാനിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് അവാർഡ് തുക ചികിത്സാ സഹായത്തിന് കൈമാറിയത്. മൂടാടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റും, ചികിത്സാ സഹായ കമ്മിറ്റിയുടെ ചെയർപെഴ്സണുമായ ഷീജ പട്ടേരിയ്ക്ക് സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ നല്ല പാഠം ലീഡർ എ.കെ.ത്രിജൽ തുക കൈമാറി. പി.ടി.എ.വൈസ് പ്രസിഡൻ്റ് വി.കെ.മൃദുല അധ്യക്ഷയായി. പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത്, നല്ല പാഠം കോ-ഓർഡിനേറ്റർമാരായ
പി.കെ.അബ്ദുറഹ്മാൻ, സി.ഖൈറുന്നിസാബി, സ്കൂൾ ലീഡർ എം.കെ.വേദ, ചികിത്സാ സഹായ കമ്മിറ്റി കൺവീനർ എൻ.എം.പ്രശാന്ത്, ട്രഷറർ വി.ടി.ബിജീഷ്, മിനി പുത്തൻപുരയിൽ എന്നിവർ പ്രസംഗിച്ചു.