രാമനാട്ടുകര ഇസാഫ് ബാങ്കിലെ ജീവനക്കാരെ കബളിപ്പിച്ച തട്ടിയെടുത്ത 40 ലക്ഷം രൂപ കണ്ടെത്തി. പന്തീരാങ്കാവിന് സമീപം കൈമ്പാലം പള്ളിപുറം ഉള്ളാട്ടിൽ എന്ന സ്ഥലത്തെ ആളൊഴിഞ്ഞ പറമ്പിലാണ് കുഴിച്ചിട്ട നിലയിൽ പണം കണ്ടെത്തിയത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതി ഷിബിൻലാലുമായി പൊലീസ് തെളിവെടുപ്പിന് എത്തിച്ച് ചോദ്യം ചെയ്യലിൽ പ്രതി പണം കുഴിച്ചിട്ട വിവരം പൊലീസിനോട് സമ്മതിക്കുകയായിരുന്നു. പ്രതിയുമായി സ്ഥലത്തെത്തിയ പൊലീസിന് പണം കുഴിച്ച് മൂടിയ സ്ഥലം പ്രതി കാണിച്ചുകൊടുത്തു. തുടർന്ന് മണ്ണ് നീക്കിയപ്പോഴാണ് പണം കണ്ടെത്തിയത്. ബാങ്ക് ജീവനക്കാരൻ കൊണ്ടുവന്ന ബാഗ് ചാക്കിൽ കെട്ടി അതിനുമുകളിൽ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയ നിലയിലായിരുന്നു കുഴിയിൽ ഉണ്ടായിരുന്നത്.
പുറത്തെടുത്ത ബാഗ് തുറന്നു പരിശോധിച്ചപ്പോൾ മുപ്പത്തി ഒൻപത് ലക്ഷം രൂപ ബാഗിൽ നിന്നും കണ്ടെത്തി. ഈ പണം മഴയിൽ നനഞ്ഞ് കുതിർന്ന നിലയിലായിരുന്നു. കൂടാതെ നിരവധി രേഖകളും ചെക്ക് ലീഫുകളും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വ്യാജരേഖ ചമക്കുന്നതിനുവേണ്ടി പ്രതി ഉപയോഗിച്ച സീലും കണ്ടെത്തിയിട്ടുണ്ട്.
