രാത്രികാല വണ്ടികളില്‍ യാചകരുടെയും മദ്യപാനികളുടെയും ശല്യം ഏറുന്നത് സ്ത്രീകളും കുട്ടികളുമടക്കമുളള യാത്രക്കാര്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നു. മംഗളൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുളള രാത്രികാല വണ്ടികളായ മാവേലി എക്‌സ്പ്രസ്, മലബാര്‍ എക്‌സ്പ്രസ്, ചെന്നെയിലേക്കുളള ചെന്നൈ എക്‌സ്പ്രസ് തുടങ്ങിയ വണ്ടികളില്‍ യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കും വിധമാണ് ഇത്തരക്കാരുടെ പെരുമാറ്റം. പൊതുവേ തിങ്ങിഞെരുങ്ങിയാണ് മലബാര്‍ എക്‌സ്പ്രസ്സിലും മാവേലിയിലും ആളുകള്‍ യാത്ര ചെയ്യുന്നത്. ഇതിനിടയില്‍ കംപാര്‍ട്ട്‌മെന്റിന്റെ വാതില്‍ക്കല്‍ തന്നെ വിരി വിരിച്ചു കിടന്നുറങ്ങുന്നത് ശീലമാക്കുന്നവരുണ്ട്. തീവണ്ടിയിലെ ടോയ്‌ലെറ്റിന്റെ വാതില്‍ക്കല്‍ പോലും ഇത്തരക്കാര്‍ കിടക്കും. ഇതു കാരണം യാത്രക്കാര്‍ക്ക് വണ്ടിയിലേക്ക് കയറാനോ ഇറങ്ങോനോ കഴിയില്ല. ടോയ്‌ലെറ്റിലേക്ക് പോകാനും കഴിയില്ല. ലഗേജുമായി വണ്ടിയില്‍ കയറുന്നവര്‍ വാതില്‍പ്പടിയില്‍ കിടന്നുറങ്ങുന്നവരെ കവച്ചു വെച്ച് വേണം വണ്ടിയിലേക്ക് കയറാനും ഇറങ്ങാനും. തിരക്കിട്ട് വണ്ടിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ കാല്‍ തെറ്റി വീഴാനും സാധ്യതയുണ്ട്.
വാതില്‍പ്പടിയിലും സീറ്റുകള്‍ക്കിടയിലും മറ്റ് യാത്രക്കാര്‍ക്ക് പ്രയാസം സൃഷിടിച്ചു കിടക്കുന്നത് തടയാന്‍ റെയില്‍വേ പോലീസോ, ആര്‍ പി എഫോ നടപടികളൊന്നും എടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ജനറല്‍ കംപാര്‍ട്ട്‌മെന്റിലാണ് ഇത്തരക്കാര്‍ മറ്റ് യാത്രക്കാര്‍ക്ക് ഏറെ പ്രയാസം ഉണ്ടാക്കുന്നത്. മാവേലി, മലബാര്‍ പോലുളള രാത്രികാല വണ്ടികളില്‍ മോഷണവും പതിവാണ്. മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യാനിട്ട ശേഷം പാതി മയക്കത്തിലാവുന്നവരുടെ ഫോണുകളും പണവും കവരുന്നവര്‍ ഇത്തരം വണ്ടികളില്‍ ഉണ്ട്. സ്ഥിരം മോഷ്ടാക്കളെ പറ്റി റെയില്‍വേ പോലീസിന് അറിവുണ്ടെങ്കിലും ഇത്തരക്കാരെ നിരീക്ഷിക്കാനോ മോഷണം തടയാനോ നടപടിയൊന്നുമില്ല. ചെന്നൈ റൂട്ടില്‍ നിര്‍ബന്ധിത പിരിവ് നടത്തുന്ന വന്‍ സംഘങ്ങളുമുണ്ട്. ഒരു അവകാശം പോലെയാണ് ഇത്തരം സംഘങ്ങള്‍ യാത്രക്കാരില്‍ നിന്ന് പിരിവെടുക്കുന്നത്. നല്‍കിയില്ലെങ്കില്‍ അസഭ്യ വര്‍ഷമാകും ഫലം.
രാത്രികാല വണ്ടികളില്‍ മോഷ്ടാക്കള്‍, പിടിച്ചു പറിക്കാര്‍, യാചകര്‍, മദ്യപാനികള്‍ എന്നിവര്‍ കാരണം യാത്രക്കാരുടെ ഭാഗത്ത് നിന്ന് സ്ഥിരം പരാതി ഉയരുമെങ്കിലും ടിക്കറ്റ് പരിശോധകര്‍ക്കും ഇക്കാര്യത്തില്‍ നടപടി എടുക്കാന്‍ കഴിയുന്നില്ല. ഇത്തരക്കാരുടെ ക്രിമിനല്‍ പശ്ചാത്തലമാണ് കര്‍ശന നടപടികള്‍ എടുക്കുന്നതില്‍ നിന്നും ടിക്കറ്റ് പരിശോധകരെയും അകറ്റുന്നത്. തീവണ്ടി യാത്രക്കിടയില്‍ വലിയ കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ മാത്രമാണ് പോലീസും റെയില്‍വേ അധികൃതരും നടപടികളുമായി വരുക. ജനറല്‍ കംപാര്‍ട്ട്‌മെന്റ് ഉള്‍പ്പടെ കര്‍ശനമായ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയാല്‍ മാത്രമേ തീവണ്ടികലിലെ പ്രശ്‌നക്കാരെ കണ്ടെത്താന്‍ കഴിയുകയുള്ളു.
തീവണ്ടികളിലെ എല്ലാ കോച്ചുകളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ റെയില്‍വെ മന്ത്രാലയം തീരുമാനിച്ചത് കുറ്റകൃത്യങ്ങള്‍ പെരുകുന്നത് തടയാനാവും. യാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുമെന്നാണ് റെയില്‍വേ മന്ത്രാലയം അറിയിച്ചത്. യാത്രക്കാരുടെ സ്വകാര്യത സംരക്ഷിക്കും വിധം കോച്ചിനുള്ളില്‍ വാതിലുകള്‍ക്ക് സമീപമായിരിക്കും ക്യാമറകള്‍ സ്ഥാപിക്കുകയെന്നാണ് വിവരം. തീവണ്ടികളിലെ ബാത്തുറൂമുകള്‍ക്കുളളില്‍ കയറി പുക വലിക്കുക, ലഹരി വസ്തുക്കളും മദ്യവും ഉപയോഗിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളും ഉണ്ട്. പൊതുവേ വൃത്തിഹീനമായ തീവണ്ടികളിലെ ബാത്തുറൂമുകളില്‍ പുകവലി കൂടായാവുമ്പോള്‍, രൂക്ഷ ഗന്ധം കാരണം മറ്റ് യാത്രക്കാര്‍ക്ക് അതിനുള്ളിലേക്ക് കയറാന്‍ പോലും പറ്റാത്ത അവസ്ഥ സൃഷ്ടിക്കും.