ആസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ വനിത എ ടീമിന്റെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്ത വയനാട്ടുകാരി മിന്നുമണിയെ പരാമർശിച്ച് ഷാഫി പറമ്പിൽ എം.പി നടത്തിയ പ്രസംഗത്തിന് നന്ദി പറഞ്ഞ് മിന്നുമണി. പേരാവൂർ നിയോജകമണ്ഡലം മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്ത് സംസാരിച്ച എം.പി വിദ്യാർഥികൾക്ക് മുന്നിൽ പ്രചോദനമായി പരാമർശിച്ചത് മിന്നുമണിയുടെ ജീവിതമായിരുന്നു. ആ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചാണ് മിന്നുമണി ഷാഫി പറമ്പിലിന് നന്ദി പറഞ്ഞത്.
‘വയനാടിന്റെ ഒരു ഗ്രാമ പ്രദേശത്ത് നിന്നും ആൺകുട്ടികൾക്കൊപ്പം വീട്ടുകാർ അറിയാതെ ക്രിക്കറ്റ് കളിച്ച് വളർന്ന ഒരു പെൺകുട്ടിക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രധാനപ്പെട്ട പദവിയിലെത്താമെങ്കിൽ പേരാവൂരിൽ നിന്നും ഒരു ആൺകുട്ടിയോ പെൺകുട്ടിയോ അവരെടുത്ത തീരുമാനത്തിൽ ഉറച്ച് വിശ്വസിച്ചാൽ നിങ്ങളെ ചൊല്ലി നാളെ ഈ നാടും അഭിമാനിക്കും’ എന്നായിരുന്നു ഷാഫി പറമ്പിൽ എം.പി പറഞ്ഞത്. സണ്ണി ജോസഫ് എം.എൽ.എ നടത്തിയ പേരാവൂർ നിയോജകമണ്ഡലം മെറിറ്റ് ഡേയിലാണ് ഷാഫിയുടെ പ്രസംഗം.