കോഴിക്കോട്, വയനാട് ജില്ലകളിലെ സ്കിൽ ഡവലപ്പ്മെൻ്റ് സെൻ്റർ (എസ്ഡിസി) ട്രെയ്നർമാർക്കുള്ള ദ്വിദിന റെസിഡൻഷ്യൽ പരിശീലനം കോഴിക്കോട് ആരംഭിച്ചു. പരിശീലനം ന്യൂ നളന്ദ ഓഡിറ്റോറിയത്തിൽ വിജ്ഞാന കേരളം സ്ട്രാറ്റജിക് അഡ്വൈസർ ഡോ. പി സരിൻ ഉദ്ഘാടനം ചെയ്തു. പ്രവചനാതീതമായി മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ഭാവിയിലേക്കായി പുതുതലമുറയെ സജ്ജമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. നൈപുണി വികസിപ്പിച്ച് അഭ്യസ്തവിദ്യരിലൂടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണ് വിജ്ഞാനകേരളം പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പത്താം ക്ലാസ് പൂർത്തിയാക്കിയ 18 -23 വയസ്സിനിടയിൽ പ്രായമുള്ളവർക്ക് തൊഴിൽ പരിശീലനം നൽകുന്ന പദ്ധതിയാണ് സ്കിൽ ഡവലപ്പ് സെൻ്ററുകൾ വഴി നടപ്പാക്കുന്നത്. തൊഴിൽ സാധ്യത ഏറെയുള്ള പുതുതലമുറ കോഴ്സുകൾക്ക് പ്രാധാന്യം നൽകി സൗജന്യമായാണ് പരിശീലനം നൽകുന്നത്. സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിൽ 23, വയനാട് ഏഴ്, വിദ്യാലയങ്ങളിലെ എസ്ഡിസികളിൽ രണ്ട് വീതം കോഴ്സുകളാണ് നിലവിൽ ആരംഭിച്ചിട്ടുള്ളത്. ഇവിടെ പഠിക്കുന്ന 1500 ഓളം പഠിതാക്കൾക്ക് കോഴ്സ് പൂർത്തിയാക്കുന്നതോടെ 160-ൽ അധികം രാജ്യങ്ങളിൽ അംഗീകാരമുള്ള എൻഎസ്ക്യുഎഫ് സർട്ടിഫിക്കറ്റ് ലഭ്യമാകും.
ചടങ്ങിൽ സമഗ്രശിക്ഷാ കോഴിക്കോട് ജില്ലാ പ്രോജക്ട് കോഡിനേറ്റർ ഡോ. എ കെ അബ്ദുൾ ഹക്കിം അധ്യക്ഷത വഹിച്ചു. വിദ്യാകിരണം കോർഡിനേറ്റർ പ്രവീൺകുമാർ, ബിപിസി വി ഹരീഷ്, മേഖലാ കോർഡിനേറ്റർ ദിലിൽ സത്യനാഥ്, ജില്ലാ പ്രോഗ്രാം ഓഫീസർ വി ടി ഷീബ, പി എൻ അജയൻ തുടങ്ങിയവർ സംസാരിച്ചു.