നിമിഷപ്രിയ കേസിൽ ഇടപെടുന്നതിനു പരിമിതികളുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. നയതന്ത്ര ഇടപെടൽ അംഗീകരിക്കപ്പെടാത്തതിനാൽ സ്വകാര്യതലത്തിൽ യെമനിൽ സ്വാധീനമുള്ള ആളുകൾ വഴി ചർച്ചകൾ നടത്താനാണ് ശ്രമിക്കുന്നത്. മോചനത്തിനു വേണ്ടി പരാമവധി ശ്രമിക്കും. അതിനായുള്ള ശ്രമങ്ങൾ കേന്ദ്രം നടത്തുന്നുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.
അനൗദ്യോഗിക ആശയവിനിമയം നടക്കട്ടെയെന്നു പറഞ്ഞ സുപ്രീംകോടതി തങ്ങൾക്ക് ഒരു നിർദേശം നൽകാനാവില്ലെന്നും വ്യക്തമാക്കി. കേസ് നിരീക്ഷിക്കുകയാണെന്നു വ്യക്തമാക്കിയ കോടതി ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.
നിമിഷ പ്രിയയുടെ ജയിൽ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വീണ്ടും കത്തയച്ചിരുന്നു. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നായിരുന്നു ആവശ്യം. വധശിക്ഷ 16ന് നടപ്പാക്കുമെന്ന് അറിയുന്നുവെന്നും ഉടൻ ഇടപെടണമെന്നുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
