മീൻ പിടിക്കുന്നതിനിടയിൽ നെറ്റിയിൽ ചൂണ്ട കൊളുത്ത് കുടുങ്ങിയ മഞ്ചേരി സ്വദേശിയായ മുഹമ്മദ് അൻഷിഫിന് രക്ഷകരായി അഗ്നിരക്ഷാസേന. ഇന്നലെ സന്ധ്യയോടെയാണ് സംഭവം.വെള്ളക്കെട്ട് നിറഞ്ഞ മാവൂരിലെ പതിവ് മീൻപിടിത്ത സ്ഥലത്ത് സുഹൃത്തുക്കളോടൊപ്പം എത്തിയതായിരുന്നു മുഹമ്മദ് അൻഷിഫ്. ചൂണ്ടയിട്ട് മീൻ കൊത്തിയെന്ന് തോന്നിയപ്പോൾ, അൻഷിഫ് ശക്തിയായി ചൂണ്ട വലിച്ചു. എന്നാൽ, ചൂണ്ടയിൽ മത്സ്യം കുരുങ്ങിയിരുന്നില്ല. നിയന്ത്രണം വിട്ടുപോയ ചൂണ്ട നേരെ വന്ന് അൻഷിഫിൻ്റെ നെറ്റിയുടെ ഒത്ത നടുക്ക് ആഴ്ന്നിറങ്ങുകയായിരുന്നു.
തുടർന്ന് മാവൂർ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ച യുവാവിന്റെ നെറ്റിയിൽ കുടുങ്ങിയ ചൂണ്ട മുറിച്ച് മാറ്റുന്നതിന് ഡോക്ടർ അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. തുടർന്ന് അസി. സ്റ്റേഷൻ ഓഫീസർ ശ്രീ പയസ് അഗസ്റ്റിന്റെ നേതൃത്വത്തിൽ ആശുപത്രിയിലെത്തിയ സേന ഡോക്ടറുടെ നിർദ്ദേശപ്രകാരം ചൂണ്ട മിനി ഗ്രൈൻഡർ ഉപയോഗിച്ച് മുറിച്ച് മാറ്റി. സേനാംഗങ്ങളായ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ എൻ എ സുമിത് , ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ മുഹമ്മദ് ഷനീബ്, സി വിനോദ്, കെ പി അജീഷ്, ഹോം ഗാർഡ് പി ഫിജീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.