ശ്രീകാര്യം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന അഫ്ഗാനിസ്ഥാൻ സ്വദേശികളായ കുട്ടികൾ മന്ത്രി വി.ശിവൻകുട്ടിയെ കാണാനെത്തി. കുട്ടികൾ കുടുംബ സമേതമാണ് മന്ത്രി വി.ശിവൻകുട്ടിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ എത്തിയത്. അവിടെ മന്ത്രിയില്ല.. ലിഫ്റ്റുമില്ല.. ഇവിടുത്തെ സ്കൂൾ അടിപൊളി.. അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരെങ്കിലും അക്ഷരം തെറ്റാതെ നല്ല മലയാളത്തിൽ അവർ പറഞ്ഞു. ശ്രീകാര്യം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന അഫ്ഗാനിസ്ഥാൻ സ്വദേശികളായ കുട്ടികളോട് സംഭാഷണങ്ങൾക്കിടെ, അഫ്ഗാനിസ്ഥാനിലെ മന്ത്രിയുടെ അടുത്ത് ഇങ്ങനെ ഇരുന്നിട്ടുണ്ടോ എന്നായിരുന്നു ശിവൻകുട്ടിയുടെ ചോദ്യം. അവിടെ മന്ത്രി ഇല്ല എന്ന മറുപടി വന്നു. കുട്ടികൾ മാതാപിതാക്കൾക്കൊപ്പമാണ് മന്ത്രിയുടെ സ്നേഹ വിരുന്നിൽ പങ്കെടുക്കാൻ എത്തിയത്.
മന്ത്രി സ്കൂൾ സന്ദർശിച്ചപ്പോൾ കുട്ടികളെ വസതിയിലേക്ക് ക്ഷണിച്ചിരുന്നു. കുട്ടികളുമായി സൗഹൃദം പങ്കുവക്കുകയും പഠനത്തെ കുറിച്ചും, സ്കൂളിലെ ഉച്ചഭക്ഷണത്തെ കുറിച്ചും മന്ത്രി ചോദിച്ചറിഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്? കേരള മുഖ്യമന്ത്രി ആര്? വിദ്യാഭ്യാസ മന്ത്രി ആരാണ്? തുടങ്ങി ചോദ്യങ്ങൾക്കു കുട്ടികൾ ശരിയായ മറുപടി മലയാളത്തിൽ നൽകി. മന്ത്രി കുട്ടികൾക്കൊപ്പം പ്രഭാത ഭക്ഷണവും കഴിച്ചു. കേരളത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഉള്ള വിദ്യാർഥികൾക്ക് പുറമെ മറ്റു രാജ്യങ്ങളിലെ കുട്ടികളും പഠിക്കുന്നതിലും അവർ നല്ല രീതിയി മലയാളം പറയുന്നതിലും സന്തോഷമുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.