കൂരാച്ചുണ്ട് : കേരള കോൺഗ്രസ് കല്ലാനോട് മണ്ഡലം കമ്മിറ്റി ഭാരവാഹികളായിരുന്നവർ ഉൾപ്പടെയുള്ള അൻപതോളം പ്രവർത്തകരും കുടുംബവും കോൺഗ്രസിൽ ചേർന്നു. കേരള കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ്മാരായ കെസി തോമസ് കിഴക്കേവീട്ടിൽ, തോമസ് കുമ്പുക്കൽ, ജോസ് വട്ടുകുളം, മണ്ഡലം സെക്രട്ടറിയായിരുന്ന ജോസഫ് കാരക്കാട്ട് എനിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ കോൺഗ്രസിൽ ചേർന്നത്. കൂരാച്ചുണ്ട് പഞ്ചായത്ത് വാർഡ് ആറ്, ഏഴ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന കുടുംബ സംഗമത്തിൽ ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ ഷാൾ അണിയിച്ച് സ്വീകരിച്ചു.
ജലവിഭവ വകുപ്പിന് കീഴിലുള്ള ഡാമുകൾക്ക് ചുറ്റും ബഫർസോൺ ഏർപ്പെടുത്തിയ നടപടിയിൽ മന്ത്രി റോഷി അഗസ്റ്റിനോടുള്ള നിലപാടിൽ പ്രതിഷേധിച്ചാണ് മാർച്ച് 24ന് പ്രവർത്തകർ രാജി വെച്ചിരുന്നത്. രാജി ജില്ലാ കമ്മിറ്റി അംഗീകരിക്കുകയും കേരള കോൺഗ്രസിന് രണ്ട് മണ്ഡലം കമ്മിറ്റികൾ ഉണ്ടായിരുന്ന കൂരാച്ചുണ്ട് പഞ്ചായത്തിൽ രണ്ടും ലയിപ്പിച്ച് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയായി പ്രവർത്തിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. രാജി വെച്ച പ്രവർത്തകരെ അനുനയിപ്പിക്കാൻ സംസ്ഥാനതല നേതാക്കൾ വരെ ഇടപ്പെട്ടിരുന്നുവെങ്കിലും കോൺഗ്രസിൽ ചേരാനുള്ള നീക്കത്തിൽ ഒരു വിഭാഗം ഉറച്ചു നിൽക്കുകയായിരുന്നു.
കോൺഗ്രസ് വാർഡ് പ്രസിഡന്റ് കുര്യൻ ചെമ്പനാനി അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ നിജേഷ് അരവിന്ദ്, അഗസ്റ്റിൻ കാരക്കട, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസ് വെളിയത്ത്, കൂരാച്ചുണ്ട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിമിലി ബിജു, ഗ്രാമപഞ്ചായത്തംഗം അരുൺ ജോസ്, സണ്ണി കോട്ടയിൽ, സണ്ണി തുണ്ടിയിൽ, ജോസ് വട്ടുകുളം, തോമസ് കുമ്പുക്കൽ എന്നിവർ സംസാരിച്ചു.