പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ വാർഡ് പതിനൊന്നിൽ പ്രവർത്തിക്കുന്ന സമം കറിപ്പൊടി യൂണിറ്റിനകത്ത് മഴവെള്ളം കയറി ലക്ഷങ്ങളുടെ നാശ നഷ്ടം. പെരുവണ്ണാമൂഴി റോഡിൽ ഗ്രാമപഞ്ചായത്തിൻ്റെ അധീനതയിലുള്ള വിശാലമായ സ്ഥലത്താണ് യൂണിറ്റ് 2022 ൽ പ്രവർത്തനം തുടങ്ങിയത്. ഇതേ സ്ഥലത്ത് യൂണിറ്റ് കെട്ടിടത്തോട് ചേർന്ന് മലയോര ഹൈവേ നിർമ്മാണ കരാറുകാർ പഞ്ചായത്തധികൃതരുടെ അനുവാദത്തോടെ മാസങ്ങൾക്കു മുമ്പ് മണ്ണ് വൻ തോതിൽ നിക്ഷേപിച്ചു. സമം കറിപ്പൊടി യൂണിറ്റിനു തടസമൊന്നുമുണ്ടാകരുതെന്ന നിബന്ധനയുമുണ്ടായിരുന്നുന്നെന്നു പറയപ്പെടുന്നു.
കനത്ത മഴ ആരംഭിച്ചതോടെ മൺശേഖരം കാരണം വെള്ളം ഒഴുകി പോകാനാവാതെ കറിപ്പൊടി യൂണിറ്റിലേക്ക് എത്തി. ഇതോടെ സംസ്കരണം കഴിഞ്ഞ ചാക്കു കണക്കിനു കറി മസാല – അരി പൊടി ശേഖരവും സംസ്കരിക്കുവാൻ കരുതി വെച്ചിരുന്ന അസംസ്കൃത വസ്തു ശേഖരവും ഉപയോഗ യോഗ്യമില്ലാതെ കെട്ടിക്കിടന്നു നശിച്ചു. അതിരൂക്ഷ ഗന്ധം വമിച്ചതോടെ ഇതെല്ലാം ജെ.സി.ബി. ഉപയോഗിച്ച് മൂന്ന് കുഴികളിലായി ഇന്നലെ മൂടി.
സമം കറിപ്പൊടി യൂണിറ്റ് ഗ്രാമ പഞ്ചായത്തിൻ്റെ പദ്ധതിയാണെങ്കിലും കുടുംബശ്രീയിൽ പെട്ട അഞ്ച് വനിതകളാണ് ഇതിൻ്റെ നടത്തിപ്പ്. ഇവർ ബാങ്കിൽ നിന്നെടുത്ത അരക്കോടിയോളം രൂപയുടെ വായ്പയാണ് പ്രവർത്തന ആരംഭ മൂലധനം. കറിപ്പൊടി യൂണിറ്റിൽ വെള്ളം കയറി സാധനങ്ങൾ നശിച്ചതോടെ ലക്ഷക്കണക്കിനു രൂപയുടെ നാശ നഷ്ടമാണ് ഇവർക്ക് ഉണ്ടായിരിക്കുന്നത്. യൂണിറ്റ് ഇവർ ശുചീകരിച്ചു കൊണ്ടിരിക്കുകയാണ്. തങ്ങളുടേതല്ലാത്ത കുറ്റം കൊണ്ട് സംഭവിച്ച നഷ്ടം നികത്തപ്പെട്ടില്ലെങ്കിൽ പാവപ്പെട്ട അഞ്ച് കുടുംബശ്രീ വനിതകൾ വഴിയാധാരമാവും. സമം കോമ്പൗണ്ടിൽ മൺ ശേഖരം നിക്ഷേപിച്ച കരാറുകാരും അനുവാദം നൽകിയ ചക്കിട്ടപാറ പഞ്ചായത്തധികൃതരുമാണ് ഇതിനു പരിഹാരമുണ്ടാക്കേണ്ടത്.