വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയുടെ മോചന വിഷയത്തില്‍ പ്രതികരിക്കാതെ കേന്ദ്രസര്‍ക്കാര്‍

യെമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയുടെ മോചനവിഷയത്തില്‍ പ്രതികരിക്കാതെ കേന്ദ്രസര്‍ക്കാര്‍. നിമിഷപ്രിയയുടെ മോചനത്തിന് കഴിയുന്നതെല്ലാം ചെയ്യുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും വധശിക്ഷയുമായി ബന്ധപ്പെട്ട തീരുമാനം വന്നതിനു പിന്നാലെ വിഷയത്തില്‍ പ്രതികരണമില്ല. മോചനത്തിനുളള പണം എത്രയാണെങ്കിലും നല്‍കാന്‍ നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ തയ്യാറാണ്. കേന്ദ്രസര്‍ക്കാര്‍ അതിനുവേണ്ടി പണം ചിലവാക്കേണ്ടതില്ല. പക്ഷെ നയതന്ത്ര തലത്തില്‍ ബ്ലഡ് മണിയുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാന്‍ വഴിയൊരുക്കണമെന്നാണ് നിലവിലെ ആവശ്യം.

നിമിഷപ്രിയക്കായി ഇടപെടണം എന്നാവശ്യപ്പെട്ട് പാര്‍ലമെന്റ് അംഗങ്ങളായ കെ രാധാകൃഷ്ണന്‍, ജോണ്‍ ബ്രിട്ടാസ്, കൊടിക്കുന്നില്‍ സുരേഷ്, എന്നിവരും ചാണ്ടി ഉമ്മന്‍ എംഎല്‍എ, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എന്നിവരും രംഗത്തെത്തിയിരുന്നു. യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്നാണ് റിപ്പോർട്ട്. 

Leave a Reply

Your email address will not be published.